ക്വീൻസ്ലാന്റിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റ് അടിക്കാൻ സാധ്യതയുള്ളതെന്നാണ് പ്രവചനം. ബ്രിസ്‌ബൈൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്‌ചയുമായി ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കാറ്റഗറി മൂന്ന് ആയി രൂപപ്പെട്ടിരിക്കുന്ന ഓമ മണിക്കൂറിൽ 165 — 224 കിലോമീറ്റര് വേഗതയിൽ വാരാന്ത്യത്തോടെ കരയിലേക്ക് വീശുമെന്നാണ് മുന്നറിയിപ്പ്.
പ്രദേശങ്ങളിൽ കനത്ത മഴക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ഇവിടെ താമസിക്കുന്നവർ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
ഓമ ഓസ്‌ട്രേലിയൻ തീരത്തേക്ക് ആഞ്ഞടിക്കും മുൻപ് തന്നെ ക്വീൻസ്ലാന്റിലും, ന്യൂ സൗത്ത് വെയിൽസിലും ശ്കതിയേറിയ കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
നേരത്തെ ഓമ ചുഴലിക്കാറ്റ് ന്യൂസിലാന്റ് തീരത്തു ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ ചൊവ്വാഴ്ചയോടെ ഗതി മാറിയ കാറ്റ് ഓസ്‌ട്രേലിയൻ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നത്.
തെക്കൻ ക്വീൻസ്ലാന്റിന്റെ തീരപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യയുണ്ടെന്നാണ് വിലയിരുത്തൽ. ഗോൾഡ്‌കോസ്റ്റിലെ തീരങ്ങളിൽ ആറ് മുതൽ പത്ത് അടി വരെ തിരമാല ഉയരാൻ സാധയതയുള്ളതിനാൽ ബീച്ചുകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല.
മോശം കാലാവസ്ഥയെത്തുടർന്ന് ഗോൾഡ് കോസ്റ്റിലെ പ്രശസ്തമായ സർഫേഴ്സ് പാരഡൈസ് തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു .