കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും പുറമെയാണ് ഓസ്‌ട്രേലിയയെ ലക്ഷ്യമിട്ട് ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വന്വട്ടുവിൽ രൂപപ്പെട്ട യുയേസി എന്ന ചുഴലിക്കാറ്റാണ് ഈ വാരാന്ത്യത്തോടെ രാജ്യത്തിൻറെ കിഴക്കൻ തീരപ്രദേശത് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മാസങ്ങള്‍ നീണ്ടു നിന്ന കാട്ടുതീയ്ക്ക് പിന്നാലെയാണ് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയത്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ മരങ്ങൾ വീഴുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഒന്നേകാൽ ലക്ഷത്തിലേറെ വീടുകളിലേക്കും മറ്റു കെട്ടിടങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധവും താറുമാറായിരുന്നു.
ഇതിന് പിന്നാലെയാണ് ഈ വാരാന്ത്യത്തിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലാന്റിലുമാകും കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരപ്രദേശത്തിന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള കോറൽ സമുദ്രത്തിൽ വച്ച് ശക്തിപ്രാപിച്ച ചുഴലിക്കാറ്റ് മൂലം NSW ലും ക്വീൻസ്ലാന്റിലും ശക്തമായ കാറ്റും മഴയും ഉണ്ടാകും.
കാറ്റഗറി മൂന്ന് തീവ്രതയിൽ വീശുന്ന കാറ്റിന്റെ ദിശ വ്യാഴാഴ്ചയോടെ ഓസ്‌ട്രേലിയൻ തീരക്കടലിലേക്ക് തിരിയുമെന്നാണ് ഫിജി കാലാവസ്ഥാ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.
ഓസ്‌ട്രേലിയലിൽ വീശാതെ യുയേസി കാറ്റിന്റെ ദിശ മാറിയാലും വാരാന്ത്യത്തോടെ ഇരു സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടാം.
ന്യൂസ് സൗത്ത് വെയിൽസിൽ വീണ്ടും പ്രളയം ഉണ്ടാകുമെന്നും ക്വീൻസ്‌ലാന്റിന്റെ തെക്കൻ തീരപ്രദേശത്ത് മണ്ണൊലിച്ചിൽ ഉണ്ടാകാമെന്നും ക്വീൻസ്ലാൻറ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.