ഡോക്ടറുടെ കൈയൊടിഞ്ഞു; പ്ലംബറും ഇലക്ട്രീഷ്യനും ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തി

ഒറ്റ ഡോക്ടര്‍ മാത്രമുള്ളൊരു നാട്ടില്‍ ആ ഡോക്ടറുടെ കൈയൊടിഞ്ഞാല്‍ എന്തു ചെയ്യും?

Surgical instruments

Source: Wikimedia Commons

അന്റാര്‍ട്ടിക്കയിലാണ് സംഭവം.

അതി ശൈത്യത്തില്‍ അന്റാര്‍ട്ടിക്കയിലെ കേസീ സ്‌റ്റേഷനില്‍ ജോലി ചെയ്യേണ്ടി വന്ന കാതറിന്‍ ഒ' സള്ളിവന്‍ എന്ന ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ക്കാണ് ഈ അനുഭവമുണ്ടായത്.

ഓസ്‌ട്രേലിയ അന്റാര്‍ട്ടിക്ക ഡിവിഷന്റെ കീഴിലുള്ള കേസി സ്്‌റ്റേഷനിലെ ഡോക്ടറായിരുന്നു ഡോ. കാതറിന്‍. ഹോബാര്‍ട്ടില്‍ നിന്ന് 3,400 കിലോമീറ്റര്‍ അകലെയാണ് കേസീ സ്‌റ്റേഷന്‍.

അവിടെയുണ്ടായ ചെറിയൊരു കാറപകടത്തില്‍ ഡോ. കാതറിന്റെ കൈയൊടിഞ്ഞു.

സാധാരണ ഗതിയില്‍ ഇത്തരം സ്‌റ്റേഷനുകളിലുള്ള ഡോക്ടര്‍മാര്‍ സ്വയം ചികിത്സിക്കാറാണ് പതിവ്.

പക്ഷേ ഡോ. കാതറിന്റെ വലതു കൈയ്ക്കായിരുന്നു ഒടിവ്. മാത്രമല്ല അതിന് ഓപ്പറേഷന്‍ അനിവാര്യവുമായിരുന്നു. സ്വയം ചികിത്സ നടക്കില്ലെന്ന് ഇതോടെ ഉറപ്പായി.

AAD
Source: Pic Courtesy: AAD

കടുത്ത ശൈത്യമായതിനാല്‍ അവിടെ നിന്ന് ഹോബാര്‍ട്ടിലേക്ക് എത്താനും കഴിയുമായിരുന്നില്ല.

പക്ഷേ, ശാസ്ത്രം സഹായിച്ചു. ഒപ്പം കൂടെയുണ്ടായിരുന്ന പ്ലംബറും ഇലക്ട്രീഷ്യനും.

ഹോബാര്‍ട്ടിലെ മെഡിക്കല്‍ സംഘം വീഡിയോ ലിങ്കിലൂടെ ഓപ്പറേഷന് മേല്‍നോട്ടം വഹിച്ചു

ഹോബാര്‍ട്ടിലെ ഒരു സര്‍ജന്‍ ടെലി-ഹെല്‍ത്ത് സംവിധാനമുപയോഗിച്ച് കാതറിന്റെ കൈ പരിശോധിച്ച് പരുക്കിന്റെ കാഠിന്യം വിലയിരുത്തി.

ഡോ. കാതറിനൊപ്പം കേസീ സ്‌റ്റേഷനിലുണ്ടായിരുന്ന പ്ലംബറും ഇലക്ട്രീഷ്യനുമൊക്കെ ചികിത്സാ രംഗത്ത് ചെറിയ തോതില്‍ പരിശീലനം ലഭിച്ചവരായിരുന്നു.

അന്റാര്‍ട്ടിക്കയിലെ ഇത്തരം സ്റ്റേഷനുകളിലേക്ക് പോകുന്ന ട്രേഡീകള്‍ക്കും സാങ്കേതിക തൊഴിലാളികള്‍ക്കുമെല്ലാം ഇത്തരം പരിശീലനം നല്‍കാറുണ്ട്. റോയല്‍ ഹോബാര്‍ട്ട് ആശുപത്രിയില്‍ രണ്ടാഴ്ചത്തെ പരിശീലനമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ ഡോക്ടറെ സഹായിക്കുന്നതിനു വേണ്ടിയുള്ള സര്‍ജിക്കല്‍ അസിസ്റ്റ്ന്റ് ആകുന്നതിനു വേണ്ടിായണ് ഈ പരിശീലനമെന്ന് ഡോ. കാതറിന്‍ എ ബി സിയോട് പറഞ്ഞു.

മാത്രമല്ല, ഇവര്‍ക്ക് എക്‌സ് റേ മെഷീനിലും മറ്റും ഡോ. കാതറിനും പരിശീലനം നല്‍കിയിരുന്നു.

എന്തായാലും അവര്‍ സര്‍ജിക്കല്‍ അസിസ്റ്റന്റ് ആകുന്നതിനു പകരം സര്‍ജന്‍മാരായി. ഹോബാര്‍ട്ടിലുള്ള ഒരു അനസ്‌തേഷ്യാ വിദഗ്ധനും, ഹാന്‍ഡ് സര്‍ജനും വീഡിയോ ലിങ്കിലൂടെ മേല്‍നോട്ടം നല്‍കി, ഇവര്‍ ഡോ. കാതറിന്റെ ഒടിഞ്ഞ എല്ല് പൂര്‍വ സ്ഥിതിയിലാക്കി. പ്ലാസ്റ്ററുമിട്ടു.

വീഡിയോ ലിങ്കിലൂടെ തന്നെ ഡോ. കാതറിന്റെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും എല്ലാം പരിശോധിച്ച ഹോബാര്‍ട്ട് ഡോക്ടര്‍മാര്‍, ശസ്ത്രക്രിയക്കു ശേഷമുള്ള എക്‌സ് റേയും കണ്ട് വിലയിരുത്തി.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കാതറിന്റെ കൈ പൂര്‍ണമായും സുഖപ്പെടുകയും ചെയ്തു.

South pole
Source: wikepedia

ഇത്തരം സ്‌റ്റേഷനുകളിലേക്ക് പോകുന്ന ഡോക്ടര്‍മാര്‍ സാധാരണ ഗതിയില്‍ തന്നെ പ്രത്യേക മുന്‍കരുതലുകളെടുക്കാറുണ്ടെന്ന് ഓസ്‌ട്രേലിയ അന്റാര്‍ട്ടിക്ക ഡിവിഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജെഫ് അയ്റ്റന്‍ എ ബി സിയോട് ചൂണ്ടിക്കാട്ടി.

"യാത്ര തിരിക്കും മുമ്പു തന്നെ ഡോക്ടര്‍മാരുടെ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തി പുറത്തെടുക്കും," അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡോ. കാതറിനു സംഭവിച്ചതുപോലുള്ള അപകട സാഹചര്യങ്ങളില്‍ ചികിത്സ നല്‍കുന്നത് പ്രയാസമാണ്.

ഇത്തരത്തില്‍ വിദൂര സ്റ്റേഷനുകളില്‍ ചികിത്സ ലഭ്യമാക്കുന്ന രീതിക്ക് കൂടുതല്‍ പ്രചാരം നല്‍കാനാനാണ് ഓസ്‌ട്രേലിയ അന്റാര്‍ട്ടിക്ക ഡിവിഷന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.


Share

2 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now