ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ പുതിയ നിയമം വന്നുവെന്ന് നിരവധി സന്ദേശങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഫേസ്ബുക്ക് പേജുകള്‍ വഴിയും ഓസ്‌ട്രേലിയയില്‍ പ്രചരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ റോഡ് സുരക്ഷാ വിഭാഗങ്ങളുടെ പേരിലും, ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പേരിലും ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.
'ഇന്നു പാസായ നിയമപ്രകാരം ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് ഉടനടി മൂന്നു മാസത്തേക്ക് റദ്ദാക്കും' എന്നാണ് മിക്ക സന്ദേശങ്ങളിലും പറയുന്നത്. ഇത് മലയാളി ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.


വിക്ടോറിയന്‍ ഗതാഗത വകുപ്പായ വിക്റോഡ്‌സിന്റെയും, ന്യൂ സൗത്ത് വെയില്‍സിലെ ട്രാന്‍സ്‌പോര്‍ട്ട് NSWന്റെയും പേരില്‍, അവരുടെ വെബ്‌സൈറ്റ് വിലാസം ഉള്‍പ്പെടെയായിരുന്നു സന്ദേശങ്ങള്‍.
ഇത്തരം സന്ദേശം നിരവധി പേരില് നിന്ന് ലഭിച്ച സാഹചര്യത്തില്‍ വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയില്‍സിലെയും ഗതാഗത വകുപ്പുമായി എസ് ബി എസ് മലയാളം ബന്ധപ്പെട്ടു.
ലൈസന്‍സ് റദ്ദാകുമോ?
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ ശക്തമായ നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇരു സംസ്ഥാനങ്ങളിലെയും അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും, വലിയ അപകടങ്ങളിലേക്ക് അത് നയിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, റോഡ് നിയമങ്ങള്‍ മാറി എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം തട്ടിപ്പാണെന്നും, ഈ സന്ദേശം കിട്ടുന്നവര്‍ അറ്റാച്ച്‌മെന്റുകള്‍ തുറക്കാതെ ഉടന്‍ ഡെലീറ്റ് ചെയ്യണമെന്നും വിക്റോഡ്‌സ് ഡയറക്ടര്‍ ജെയിംസ് സൂ പറഞ്ഞു.
വിക്ടോറിയയില്‍ 2013ലാണ് മൊബൈല്‍ ഉപയോഗം സംബന്ധിച്ചുള്ള നിയമം അവസാനമായി പരിഷ്കരിച്ചത്. അന്ന് നാലു ഡീമെറിറ്റ് പോയിന്റായും 483.57 ഡോളര്‍ പിഴയായും ശിക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
അതിനു ശേഷം ഈ നിയമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ജെയിംസ് സൂ വ്യക്തമാക്കി.
ന്യൂ സൗത്ത് വെയില്‍സിലും പിഴയും ഡീമെറിറ്റ് പോയിന്റുമാണ് മൊബൈല്‍ ഉപയോഗത്തിനുള്ള ശിക്ഷയെന്ന് ട്രാന്‍സ്‌പോര്‍ട്ട് NSWവും എസ് ബി എസ് മലയാളത്തോട് വ്യക്തമാക്കി. ഇക്കാര്യം വെബ്‌സൈറ്റില്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് NSW വക്താവ് പറഞ്ഞു.
ഡീമെറിറ്റ് പോയിന്റുകള്‍ നിശ്ചിത പരിധിയിലും കൂടുതലാകുമ്പോള്‍ ലൈസന്‍സ് റദ്ദാകുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
ഏതൊക്കെ സാഹചര്യങ്ങളിലാണ് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്നത് എന്ന കാര്യവും ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഹൈ-ടെക് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല
കാറിനകത്തിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ കഴിയുന്ന ഹൈ-ടെക് ക്യാമറകള്‍ ന്യൂ സൗത്ത് വെയില്‍സിലെ റോഡുകളില്‍ സ്ഥാപിച്ചതായും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ഇത്തരം ക്യാമറകള്‍ ഇതുവരെയും സ്ഥാപിച്ചു തുടങ്ങിയിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനായി നിയമം പാസാക്കിയെങ്കിലും ആര്‍ക്കും കരാര്‍ കൊടുത്തിട്ടില്ലെന്നും, ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങുമ്പോള്‍ അക്കാര്യം ജനങ്ങളെ അറിയിക്കുമെന്നും വകുപ്പ് അറിയിച്ചു.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

