വിക്ടോറിയയിൽ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന പാൻഡെമിക് ബില്ലിനെതിരെ പ്രതിഷേധം നടത്തിയവരുടെ വോട്ട് ലക്ഷ്യമിട്ടുള്ള സമീപനമാണ് സ്കോട്ട് മോറിസൺ സ്വീകരിച്ചതെന്ന് ഡാനിയേൽ ആൻഡ്രൂസ് കുറ്റപ്പെടുത്തി.
വിക്ടോറിയൻ പ്രീമിയറെ 'വധിക്കണമെന്നും' 'തൂക്കിലേറ്റണമെന്നും' ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ അക്രമാസക്തരായ രംഗങ്ങളാണ് മെൽബണിൽ അരങ്ങേറിയത്.
അക്രമാസക്തമായ പ്രതിഷേധത്തെ പൂർണമായും അപലപിക്കുന്നതായി പ്രധാനമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കി.
വളരെ വ്യക്തമായി തന്നെയാണ് ഇതിനെതിരെയുള്ള തന്റെ നിലപാട് വ്യാഴാഴ്ച വ്യക്തമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പെരുമാറ്റത്തോട് യാതൊരു സഹതാപവും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാൻഡെമിക് ബില്ലിനെതിരെ പ്രതിഷേധം നടത്തിയവർ അക്രമാസക്തമായതിനെ പ്രധാനമന്ത്രി അപലപിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരുടെ നിരാശ മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി സംഭവത്തിൽ രണ്ട് വ്യത്യസ്‍ത സന്ദേശങ്ങൾ നൽകുന്നതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ആരോപിച്ചത്.
തീവ്ര സ്വഭാവമുള്ളവരുടെ വോട്ട് ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രിയുടെ പ്രതികരണം അപകടകരമാണെന്നും ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
തീവ്ര മനോഭാവമുള്ളരുടെ വോട്ട് ലക്ഷ്യമിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ചാനൽ ഒൻപതിനോട് സംസാരിക്കുമ്പോൾ പ്രീമിയർ പറഞ്ഞു.
പ്രതിഷേധക്കാർ അക്രമാസക്തരാകുന്നതിനോട് ഒരുതരത്തിലും യോജിക്കുന്നില്ലെങ്കിലും സംസ്ഥാന സർക്കാറുകൾ ഓസ്‌ട്രേലിയക്കാർക്ക് അവരുടെ ജീവിതം തിരിച്ച് നൽകണമെന്ന് പ്രധാന മന്ത്രി വ്യാഴാഴ്ച പറഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കൾക്ക് നേരെയുള്ള ഭീഷണികൾക്ക് ഓസ്‌ട്രേലിയയിൽ സ്ഥാനമില്ലെന്നും, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അക്രമാസക്തമായ രീതിയിലൂടെയല്ല ഇതിനെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിരവധി പേർ നിരാശരാണെന്നും, സർക്കാറുകൾ കഴിഞ്ഞ രണ്ടു വർഷത്തോളം ഓസ്‌ട്രേലിയക്കാർ എന്ത് ചെയ്യണെമെന്ന് നിർദ്ദേശിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു.
അതെസമയം ക്വീൻസ്ലാൻറ് പ്രീമിയറും വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയറും പ്രധാനമന്ത്രിയുടെ വാക്‌സിൻ സംബന്ധിച്ച പരാമർശത്തെ വിമർശിച്ചു.
വാക്‌സിൻ നിർബന്ധമാക്കാനുള്ള വിവിധ സംസ്ഥാനങ്ങളുടെ നടപടികളെ പ്രധാനമന്ത്രി എതിർത്തിരുന്നു. പ്രധാനമന്ത്രിയുടെ ഈ നിലപാടിനെയാണ് ഇവർ വിമർശിച്ചത്.