വാഹനം ഓടിക്കുമ്പോൾ റോഡിൽ ഒരു വെള്ളക്കെട്ട് കണ്ടാൽ എന്തു ചെയ്യണം എന്ന ചോദ്യത്തിന് സുരക്ഷിതമായ അകലത്തിൽ വാഹനം നിറുത്തുക എന്നതാണ് അടിയന്തര സേവന വിഭാഗം നൽകുന്ന ലളിതവും പ്രാഥമികവുമായ ഉത്തരം.
വെള്ളപ്പൊക്കമുള്ള റോഡുകളിൽ വാഹനമോടിക്കുന്നത് അപകടകരമാണ്. ചെറിയ ജലനിരപ്പിൽ പോലും വാഹനത്തിൻറെ സ്ഥിരത നഷ്ടപ്പെടുകയും, വാഹനം വെള്ളത്തിൽ ഒഴുകി പോകുകയും ചെയ്തേക്കാം.
വെള്ളമടിച്ച് വണ്ടിയോടിക്കരുത് എന്ന് പറയുന്നതു പോലെ തന്നെയാണ് വെള്ളത്തിലൂടെ വാഹനം ഓടിക്കരുത് എന്ന് പറയുന്നതും. കാരണം പുറമെ കാണുന്നതു പോലെ ശാന്തമാകണമെന്നില്ല റോഡുകളിലെ വെളളക്കെട്ട്. മഴ വെള്ളം കുത്തിയൊലിച്ച് റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ടാകാം, റോഡിൻറ വശങ്ങൾ ഇടിഞ്ഞിട്ടുണ്ടാകാം, അതുകൊണ്ട് തന്നെ പുറമെ കാണുന്ന ശാന്തത വെള്ളക്കെട്ടിൽ നമുക്ക് പ്രതീക്ഷിക്കാനാകില്ല.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നതിന് മുൻപ് അപകട സാധ്യത പരിശോധിക്കുക. സമീപത്ത് മറ്റ് വാഹനങ്ങളോ, രക്ഷാ സംഘമോ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. പെട്ടന്നുണ്ടായ വെള്ളപ്പൊക്കമോ, വെള്ളക്കെട്ടോ ആണെങ്കിൽ അപകട സാധ്യത ഇരട്ടിയാണെന്നും എമർജൻസി വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
എൻറെ കാറിന് വലിപ്പമുണ്ട്!
വാഹനത്തിൻറ വലിപ്പം അപകട സാധ്യത ഇല്ലാതാക്കുന്നില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതു സംബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ എഞ്ചിനീയർമാർ നടത്തിയ പഠനം വെള്ളപ്പൊക്കത്തിലൂടെ വാഹനം ഓടിക്കുന്നത് ജീവൻ നഷ്ടപ്പെടുത്താനുള്ള തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഒരു വലിയ വാഹനത്തെ പോലും അസ്ഥിരപ്പെടുത്താൻ വളരെ കുറഞ്ഞ ജലനിരപ്പ് മാത്രം മതിയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൻറ ആഴവും, ഒഴുക്കിൻറ വേഗതയും കുറവാണെങ്കിൽ പോലും വാഹനം അപകടത്തിൽപ്പെടാമെന്നും പഠനം വ്യക്തമാക്കുന്നു.
1.05 ടൺ ഭാരമുള്ള ഒരു ചെറിയ കാറിനെ 15 സെൻറി മീറ്റർ മാത്രം ഉയരമുള്ള വെള്ളക്കെട്ടിന് ചലിപ്പിക്കാനാകുമെന്ന് ശാസ്ത്രീയമായി തെളിക്കപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 60 സെന്റീമീറ്റർ ഉയർന്നാൽ ചെറിയ കാർ പൂർണ്ണമായും ഒഴുകിപ്പോകുന്നതിനിടയാകും.
രണ്ടര ടൺ ഭാരമുള്ള 4WD വാഹനത്തിന് പോലും 45 സെന്റീമീറ്റർ ജലനിരപ്പിൽ സ്ഥിരത നഷ്ടപ്പെടും. ജലനിരപ്പ് 95 സെന്റിമീറ്ററിലെത്തിയാൽ ഫോർ വീൽ ഡ്രൈവ് വാഹനം പൂർണ്ണമായും പൊങ്ങി പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒഴുകുന്ന ജലത്തിൽ ഒരു 4WD വാഹനത്തേക്കാൾ സ്ഥിരത ശരാശരി ശരീര ഘടനയുള്ള ഒരു മനുഷ്യനുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എങ്ങനെ അപകടം ഒഴിവാക്കാം?
സർക്കാർ സംവിധാനങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക എന്നതാണ് പരമ പ്രധാനം. അത്യാവശ്യ യാത്രകൾ മാത്രം തിരഞ്ഞെടുക്കുക. മോശം കാലാവസ്ഥയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. വാഹനത്തിൻറ കണ്ടീഷൻ ഉറപ്പു വരുത്തുക. റോഡരുകിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ഒരു കാരണവശാലും വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കാതിരിക്കുക. റോഡിൽ കുടുങ്ങി പോയാൽ അടിയന്തര സേവനങ്ങളെ ബന്ധപ്പെടുക.
ഇനി വെള്ളക്കെട്ടിൽ പെട്ട് പോയാൽ:
- വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.
- പെട്ടന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കുക.
- കുറഞ്ഞ ഗിയറിൽ ഇരപ്പിച്ച്, വേഗത കുറച്ച് വാഹനം ഓടിക്കുക.
- വെള്ളത്തില്‍ വാഹനം നിന്നുപോയാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാൻ ശ്രമിക്കാതെ അടിയന്തര സഹായം തേടുക.
- നിങ്ങൾ യാത്ര ചെയ്യുന്ന പ്രദേശത്തെ അടിയന്തര സേവന വിഭാഗത്തെ ബന്ധപ്പെടാനുള്ള നമ്പർ അറിഞ്ഞു വെയ്ക്കുക.
ഓർക്കുക, വെള്ളം കയറിയ വാഹനം മാത്രമാണ് മാറ്റി ലഭിക്കുക, ജീവിതം അങ്ങനെയല്ല...