ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം വൻ തോതിൽ വര്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ ഒരു ദിവസം കൊണ്ട് നാല് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ക്വീൻസ്ലറിൽ ഒരാളും വിക്ടോറിയയിൽ മൂന്ന് പേരുമാണ് മരണമടഞ്ഞത്.
രോഗം ബാധിച്ച് മെൽബണിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രായം 70 കളിൽ ഉള്ള ഒരാളാണ് വ്യാഴാഴ്ച മരണമടഞ്ഞത്.
പ്രായം 70 കളിൽ ഉള്ള രണ്ട് പുരുഷന്മാരും വിക്ടോറിയയിൽ ബുധനാഴ്ച രാത്രി മരണമടഞ്ഞിരുന്നു.
കൂടാതെ ടൂവുമ്പയിലുള്ള ഗാരി കിർസ്റ്റൻഫെൽഡ്റ് എന്ന 68 കാരനും ബുധനാഴ്ച രാത്രി മരണമടഞ്ഞു. സിഡ്നി തീരത്ത് അടുപ്പിച്ചു റോയൽ കരീബിയൻ ക്രൂസ് കപ്പലിൽ യാത്ര ചെയ്തയാളാണ് ഇത്.
ഇതോടെ ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
വിദ്യാർത്ഥികൾ ഇല്ലാതെ സ്കൂളുകൾ
ക്വീൻസ്ലാന്റിൽ 50 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 493 ആയി.
രോഗം കൂടുതൽ പടരാൻ തുടങ്ങിയതോടെ തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ ഇല്ലാതെ സ്കൂൾ പ്രവർത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
എന്നാൽ അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സ്കൂളിലെത്താമെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ അറിയിച്ചു.
ഏപ്രിൽ മൂന്ന് മുതൽ സൗത്ത് ഓസ്‌ട്രേലിയലിയയിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും വിദ്യാർത്ഥികൾ ഇല്ലാതെ സ്കൂൾ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്വീൻസ്ലാന്റിനു സമാനമായി അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് ഇവിടേക്ക് എത്താമെന്നും ഇരു സർക്കാരുകളും അറിയിച്ചു.
കഴിയുന്നതും രക്ഷിതാക്കൾ കുട്ടികളെ വീട്ടിലിരുത്തണമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രീമിയർ മക് ഗോവൻ അറിയിച്ചു.
മുടിവെട്ടാൻ 30 മിനിറ്റെന്ന പ്രസ്താവന പിൻവലിച്ച് സർക്കാർ
കോറോണവൈറസ് പടർന്നു തുടങ്ങിയതോടെ ഫെഡറൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങൾ പരസ്പരം ഒന്നര മീറ്റർ അകലം പാലിക്കണമെന്ന സോഷ്യൽ ഡിസ്റ്റൻസിങ് പോളിസിയും നിലവിൽ വന്നു.
ഇതേതുടർന്ന് രാജ്യത്തെ സലൂണുകളിൽ മുടിവെട്ടാനായി 30 മിനിറ്റിൽ കൂടുതൽ ഒരാൾക്ക് സമയമെടുക്കാൻ പാടില്ല എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഇത് പാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ രംഗത്തെത്തിയിരുന്നു. ഈ സമയ പരിധിയിൽ പ്ര വർത്തിക്കാൻ കഴിയില്ലെന്നും ഇതുമായി മുൻപോട്ടു പോകുന്ന പക്ഷം സലൂണുകൾ അടച്ചിടുമെന്നും ഇവർ അറിയിച്ചു.
ഇതേതുടർന്ന് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ഈ പ്രസ്താവന പിൻവലിക്കുകയും ചെയ്തു .