ഓസ്‌ട്രേലിയയിലെ വിവിധ സാംസ്‌കാരിക സമൂഹങ്ങളിൽ നിന്ന് ഭിന്നശേഷിയുള്ളവർ അനുഭവങ്ങൾ പങ്ക് വക്കുന്നത് രംഗത്തുള്ള കുറവുകൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ഡിസബിലിറ്റി റോയൽ കമ്മീഷൻ അധികൃതർ പറഞ്ഞു.
ഓസ്‌ട്രേലിയൻ സമൂഹങ്ങളിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന പീഡനം, അവഗണന, ചൂഷണം തുടങ്ങിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് അന്വേഷണം.
ഭിന്നശേഷിയെക്കുറിച്ച് വിവിധ സമൂഹങ്ങളിൽ ഉള്ളവർക്കുള്ള ധാരണയും മനോഭാവവും എന്താണെന്നറിയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഓരോ സമൂഹത്തിലും ഭിന്നശേഷി ഉള്ളവരുടെ ജീവിതം എങ്ങനെയാണെന്നും, മറ്റുളവരുമായി ഇവർ എങ്ങനെ ഇടപഴകുന്നു തുടങ്ങിയ വിവരങ്ങളാണ് അധികൃതർ അന്വേഷിക്കുന്നത്.
.
അഭയാർത്ഥികൾ, താത്കാലിക വിസയിലുള്ളവർ, അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഭിന്നശേഷി ഉള്ളവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഓരോ സമൂഹത്തിലും ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തിൽ വ്യത്യാസം ഉണ്ടാകാമെന്ന് നാഷണൽ എത്നിക് ഡിസബിലിറ്റി അലയൻസ് പോളിസി ആൻഡ് പ്രൊജക്റ്റ് ഓഫീസർ ഡൊമിനിക് ഹോംഗ് ഡക്ക് ഗോൾഡിങ് പറയുന്നു.
ഭിന്നശേഷിയുള്ളവടെയും, ഇവരെ പിന്തുണക്കുന്നവരുടെയും അനുഭവങ്ങളും നിർദ്ദേശങ്ങളും അന്വേഷണത്തെ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇതിനകം 2,000 ത്തിലധികം ആളുകൾ അന്വേഷണ സമിതിക്ക് വിവരങ്ങൾ നൽകിയിട്ടുള്ളതായാണ് റിപ്പോർട്ട്.
അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങൾക്ക് പ്രതികരണം രേഖപ്പെടുത്താൻ അവസരമുണ്ടെന്ന് അധികൃതർ പറഞ്ഞു. ജൂൺ 11 നകം വിവരങ്ങൾ നൽകാനാണ് നിർദ്ദേശം. ഇതിന് ശേഷവും പ്രതികരണങ്ങൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഓഡിയോ, വീഡിയോ അല്ലെങ്കിൽ കുറിപ്പായോ ഏത് ഭാഷയിലും പ്രതികരണം അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.