ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തിയവരെ ആദരിക്കുന്നതിനും, കുടിയേറ്റ ചരിത്രം ആഘോഷിക്കുന്നതിനുമായാണ് സിഡ്‌നിയിലെ നാഷണല്‍ മാരിടൈം മ്യൂസിയം സ്വാഗത മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കുടിയേറ്റവിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പേര് കൂറ്റന്‍ വെങ്കലപാളികളില്‍ രേഖപ്പെടുത്തിയാണ് സിഡ്‌നിയിലെ പിര്‍മോണ്ട് ബേയില്‍ സ്ഥാപിച്ചിരിക്കുന്നത്.
82 വെങ്കലപാളികളിലായി 30,000ലേറെ പേരുകളാണ് ഇപ്പോള്‍ ഈ സ്വാഗത മതിലിലുള്ളത്.
കുടിയേറ്റ സമൂഹത്തില്‍ നിന്നുള്ള ആര്‍ക്കു വേണമെങ്കിലും ഇതില്‍ പേര് രേഖപ്പെടുത്താം. എന്നാല്‍ എല്ലായ്‌പ്പോഴും അതിന് അവസരമുണ്ടാകില്ല.
ഇപ്പോള്‍, സ്വാഗത മതിലിന്റെ 83ാമത്തെ വെങ്കലപാളിയില്‍ പേരു രേഖപ്പെടുത്താനായി അവസരം ഒരുക്കിയിരിക്കുകയാണ് മാരിടൈം മ്യൂസിയം.
അടുത്ത വര്‍ഷം ജനുവരി 10നായിരിക്കും ഈ പുതിയ പേരുകള്‍ അനാവരണം ചെയ്യുക. അതിന് മുമ്പായി പേരു ചേര്‍ക്കാനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയിരിക്കുകയാണ് മാരിടൈം മ്യൂസിയം ഇപ്പോള്‍.

The Welcome Wall, in Darling Harbour, Sydney Source: AAP
എന്നാല്‍ ഇത് സൗജന്യമല്ല. മാരിടൈം മ്യൂസിയത്തിന് സംഭാവനയായി 500 ഡോളര്‍ നല്കുന്നവര്ക്കാണ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നത്.
നവംബര്‍ 11 വരെയാണ് 83ാമത്തെ വെങ്കലപാളിയില്‍ പേരു രേഖപ്പെടുത്താനുള്ള രജിസ്‌ട്രേഷന്‍.
സ്വാഗത മതിലില്‍ പേരു മാത്രമാണ് രേഖപ്പെടുത്തുന്നതെങ്കിലും, അതിന്റെ ഭാഗമായി മാരിടൈം മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ കുടിയേറ്റ കഥയും ചിത്രങ്ങളും എല്ലാം ഉള്‍പ്പെടുത്താന്‍ കഴിയും.
കുടുബാംഗങ്ങള്‍ക്കുള്ള സമ്മാനമെന്ന നിലയില്‍ സ്വാഗത മതിലില്‍ പേരെഴുതുന്നവരുമുണ്ട്.
1999ലാണ് സ്വാഗത മതില്‍ സ്ഥാപിക്കുന്നത്. 3,000 പേരുകളായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
നിലവില്‍ 200ഓളം രാജ്യങ്ങളില്‍ നിന്ന് കുടിയേറിയെത്തിയവരുടെ പേരുകള്‍ അതിലുണ്ട്.
മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യാക്കാരുടെയും പേരുകള്‍ ഇതില്‍ കാണാം.