45 വർഷമായി ഓസ്ട്രേലിയയിൽ ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ. ഭഗവന്ത് സിംഗിന്റെ രജിസ്ട്രേഷനാണ് സൗത്ത് ഓസ്ട്രേലിയൻ സിവിൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത്.
ഡോ. ഭഗവന്ത് സിംഗ് വിദേശ യാത്രകൾ പോയ സമയത്ത് ക്ലിനിക്കിലെ മറ്റൊരു ജീവനക്കാരൻ ഡോ. സിംഗിന്റെ പേരിൽ മരുന്ന് കുറിച്ചു നൽകി എന്ന് കണ്ടെത്തിയാണ് ഇത്.
ഇത്രയും കാലത്തെ അനുഭവപരിചയമുള്ള ഒരു ഡോക്ടർ, വൈദ്യശാസ്ത്രരംഗത്തിന്റെ അടിസ്ഥാന തത്വങ്ങളെ പോലും അവഗണിച്ചുകൊണ്ട് പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന്റെ നടപടി.
83കാരനായ ഡോ. സിംഗിന് അടുത്ത 18 മാസത്തേക്ക് പുതിയ രജിസ്ട്രേഷനായി അപേക്ഷിക്കാൻ കഴിയില്ല. അതിനു ശേഷം രജിസ്ട്രേഷനു വേണ്ടി അപേക്ഷിക്കുമ്പോൾ, അതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ബന്ധപ്പെട്ട അധികൃതർക്ക് തീരുമാനിക്കാമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
അറിയാതെ ആദ്യം, കരറുണ്ടാക്കി പിന്നീട്..
അഡ്ലൈഡിലെ പാരാലോവിയിലുള്ള ഓൾ ഹെൽത്ത് മെഡിക്കൽ സെന്ററിൽ ജനറൽ പ്രാക്ടീഷണർ (GP) ആയി പ്രവർത്തിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2014-15 കാലഘട്ടങ്ങളിലായിരുന്നു ഇത്.
ക്ലിനിക്കിൽ ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന മറ്റൊരാൾ ഡോ. സിംഗിന്റെ രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ നൽകുകയും, അടുത്തുള്ള ഫാർമസിയിൽ നിന്ന് ആ മരുന്നുകൾ നൽകുകയും ചെയ്തു.
മുമ്പ് ഡോക്ടറായി ജോലി ചെയ്തിട്ടുള്ള ഗ്വസപ്പേ ബാർബറോ എന്നയാളാണ് കുറഞ്ഞത് 28 രോഗികൾക്ക് മരുന്ന് കുറിച്ചു നൽകിയത്.
ചികിത്സാ രംഗത്തെ പിഴവുകളും, ചികിത്സക്കായല്ലാതെ മരുന്നുകൾ നൽകിയതും കണക്കിലെടുത്ത് ബാർബറോയുടെ രജിസ്ട്രേഷൻ നേരത്തേ ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണേഴ്സ് രജിസ്ട്രേഷൻ അതോറിറ്റി (AHPRA) റദ്ദാക്കിയിരുന്നു.

Source: r.nial.bradshaw CC BY 2.0
ഇതേത്തുടർന്നാണ് ക്ലിനിക്കിൽ ടെക്നിക്കൽ ഓഫീസർ എന്ന പദവിയിൽ ബാർബറോ ജോലി ചെയ്തിരുന്നത്.
2014ൽ ഡോ. ഭഗവന്ത് സിംഗ് വിദേശത്തു പോയപ്പോൾ അദ്ദേഹത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ബാർബറോ മൂന്നു രോഗികൾക്ക് മരുന്ന് കുറിച്ചു നൽകി.
അടുത്തുള്ള ഫാർമസിയുമായി ചേർന്ന്, ഡോക്ടറുടെ ഒപ്പില്ലാതെ തന്നെ ഈ മരുന്നുകൾ നൽകുകയും ചെയ്തു.
വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇതേക്കുറിച്ച് മനസിലായെങ്കിലും ഡോ. സിംഗ് ഇതേക്കുറിച്ച് പരാതി നൽകുകയോ, നടപടിയെടുക്കുകയോ ചെയ്തില്ല.
മറിച്ച്, 2015ൽ വിദേശയാത്ര പോയപ്പോൾ സമാനമായ രീതിയിൽ മരുന്ന് കുറിച്ചുകൊടുക്കാൻ ബാർബറോയെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്.
21 രോഗികൾക്കാണ് ഈ സമയത്ത് ബാർബറോ പ്രിസ്ക്രിപ്ഷൻ നൽകിയത്.
ഇതിൽ മൂന്നു പേർക്ക് നൽകിയത് മയക്കുമരുന്നായും ഉപയോഗിക്കാൻ കഴിയുന്ന ഷെഡ്യൂൾ 8 ലുള്ള മരുന്നുകളാണ്.
നിരവധിപേർക്ക് ആന്റിബയോട്ടിക്കുകളും നൽകി.
അവധി കഴിഞ്ഞ് ഡോ. സിംഗ് തിരിച്ചെത്തിയ ശേഷമാണ് ഈ പ്രിസ്ക്രിപ്ഷനുകൾ ഒപ്പിട്ടത്.
ഇക്കാര്യത്തേക്കുറിച്ച് AHPRA അന്വേഷണം തുടങ്ങിയപ്പോൾ ഈ ക്ലിനിക്കിലെ ജോലി മതിയാക്കിയ ഡോ. സിംഗ്, 2018മുതൽ പുതിയൊരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
തന്റെ രോഗികൾക്ക് ചികിത്സയുടെ തുടർച്ച നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നും, സാമ്പത്തികമായോ മറ്റോ ഒരു നേട്ടവും തനിക്ക് ഇതിലൂടെ ഉണ്ടായിട്ടില്ലെന്നും ഡോ. സിംഗ് വാദിച്ചു.
മുമ്പ് ഡോക്ടറായിരുന്ന ബാർബറോയുടെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ കരാറുണ്ടാക്കാൻ തയ്യാറായതെന്നും ഡോ. സിംഗ് പറഞ്ഞു.
എന്നാൽ, ഡോക്ടർമാരുടെ പ്രവർത്തന ചട്ടത്തിന്റെ ലംഘനമാണ് ഡോ. സിംഗ് നടത്തിയതെന്നും, രോഗികൾക്ക് ഇതുകൊണ്ട് ദോഷമുണ്ടായില്ല എന്നും, സാമ്പത്തിക നേട്ടമുണ്ടായില്ല എന്നുമുള്ള വാദങ്ങൾ കൊണ്ട് ഇതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
ഈ പ്രിസ്ക്രിപ്ഷന്റെ അടിസ്ഥാനത്തിൽ മരുന്ന് നൽകിയ സാലിസ്ബറി നോർത്ത് ഫാർമസിയുടെ ഉടമ ആൻഡ്ര്യൂ എൻഗ്യുവെന്റെ രജിസ്ട്രേഷൻ ആറു മാസത്തേക്ക് റദ്ദാക്കാനും ട്രൈബ്യൂണൽ നേരത്തേ ഉത്തരവിട്ടിരുന്നു.