അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടന്ന റോബര്‍ട്ട് മുള്ളറുടെ അന്വേഷണം തെറ്റെന്ന് തെളിയിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഓസ്‌ട്രേലിയയുടെ സഹായം തേടിയതായി വെളിപ്പെടുത്തല്‍.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പാണ് ട്രംപ് സഹായം തേടിയത്. മോറിസനെ ഫോണില്‍ വിളിച്ച ട്രംപ്, മുള്ളറുടെ അന്വേഷണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലോടെയാണ് ട്രംപ് ജയിച്ചത് എന്ന ആരോപണത്തെക്കുറിച്ചാണ് FBIയുടെ മുന്‍ മേധാവി റോബര്‍ട്ട് മുള്ളര്‍ അന്വേഷണം നടത്തിയത്.
ട്രംപിന്റെ പ്രചാരണ സംഘം റഷ്യയുമായി ഗൂഢാലോചന നടത്തി എന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ റോബര്‍ട്ട് മുള്ളര്‍, അതേസമയം ട്രംപിനെ കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.

US President Donald J. Trump makes a phone call in the Oval Office of the White House. Source: EPA
റോബര്‍ട്ട് മുള്ളറുടെ അന്വേഷണം തനിക്കെതിരെയുള്ള വേട്ടയാടലാണ് എന്ന് വിമര്‍ശിച്ചിരുന്ന ട്രംപ്, അന്വേഷണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ പുതിയൊരു അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ആണ് ഈ അന്വേഷണം നടത്തുന്നത്.
ബ്രിട്ടനിലേക്കുള്ള ഓസ്‌ട്രേലിയയുടെ മുന്‍ ഹൈക്കമ്മീഷണര്‍ അലക്‌സാണ്ടര്‍ ഡോണറായിരുന്നു റഷ്യന്‍ ബന്ധത്തെക്കുറിച്ച് ആദ്യ സൂചനകള്‍ നല്‍കിയത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിട്ടുണ്ട്.
ഓസ്‌ട്രേലിയയെ ഇതിന്റെ പേരില്‍ ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനു ശേഷമാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനോട് ഇതേക്കുറിച്ച് ട്രംപ് സഹായം തേടിയത്.
സഹായം നല്‍കാമെന്ന് മോറിസന്‍
അന്വേഷണത്തിലിരിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുന്ന എന്തു സഹായവും നല്‍കാന്‍ ഓസ്‌ട്രേലിയ എപ്പോഴും തയ്യാറാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സ്‌കോട്ട് മോറിസന്‍ അറിയിച്ചതായും സര്ക്കാര്‍ വക്താവ് പറഞ്ഞു.
എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ലേബര്‍ എം പി ബില്‍ ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടു.
അമേരിക്കയിലെത്തിയപ്പോള്‍ സ്‌കോട്ട് മോറിസന് പതിവില്ലാത്ത വിധം ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും, ട്രപിന്റെ രാഷ്ട്രീയ അജണ്ടയെ സഹായിക്കുന്നതിനുള്ള പ്രതിഫലമായിരുന്നില്ല ഈ സ്വീകരണമെന്ന കാര്യം ഓസ്‌ട്രേലിയക്കാര്‍ക്ക് ഉറപ്പു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ വിവാദമായ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇടപെടാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസിയും ചൂണ്ടിക്കാട്ടി.
ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം