ക്വീൻസ് ബർത്ത് ഡേയോടനുബന്ധിച്ചാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതിൽ രാജ്യത്തെ അഞ്ചാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ.
ആകെ 673 പേർക്കാണ് ഇത്തവണ ഓർഡർ ഓഫ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്വീൻസ്ലാൻറിലെ ഗതാഗത - റോഡ് നിർമ്മാണ വകുപ്പിൽ പ്രിൻസിപ്പൽ അഡ്വൈസറാണ് ഡോ. വി പി ഉണ്ണിക്കൃഷ്ണൻ. ബ്രിസ്ബൈനിലെ വിവിധ മലയാളി സംഘടനകൾക്കും ഇന്ത്യൻ സംഘടനകൾക്കും നൽകിയ സേവനം കണക്കിലെടുത്താണ് അദ്ദേഹത്തെ ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് തെരഞ്ഞെടുത്തത്. മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറിൻറെ സ്ഥാപക പ്രസിഡന്റാണ്.
ഔദ്യോഗിക തൊഴിൽ മേഖലയിലെ പ്രവർത്തനത്തിനും, കലാരംഗത്തെ നേട്ടത്തിനും പല മലയാളികൾക്കും ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചിട്ടുണ്ടെങ്കിലും, മലയാളി സമൂഹത്തിനുള്ള സേവനം കണക്കിലെടുത്ത് ഒരാൾക്ക് ഓസ്ട്രേലിയയിൽ ഉന്നത പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമായാണ്.
ഓസ്ട്രേലിയയിൽ മുന്പും പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2010ൽ ബ്രിസ്ബൈൻ മേയറുടെയും ഗതാഗത വകുപ്പിൻറെയും ഓസ്ട്രേലിയ ഡേ പുരസ്കാരത്തിന് അദ്ദേഹം അർഹനായിരുന്നു. എഞ്ചിനീയറിംഗ് മേഖലയിലെ മികവ് കണക്കിലെടുത്ത് സ്റ്റേറ്റ് മെറിറ്റ് അവാർഡും, സ്റ്റേറ്റ് ഇൻഡിവിഡ്വൽ എക്സലൻസ് അവാർഡും ലഭിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ സ്വദേശിയായ ഡോക്ടർ ഉണ്ണിക്കൃഷ്ണൻ, 1992ലാണ് ഓസ്ട്രേലിയിയലേക്ക് കുടിയേറിയത്. സബിത ഉണ്ണിക്കൃഷ്ണനാണ് ഭാര്യ. മക്കൾ - ഗാർഗി, സിദ്ധാർത്ഥ്