മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ ഉടനടി ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് സംബന്ധിച്ച പുതിയ നിയമം കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ന്യൂ സൗത്ത് വെയില്‍സ് പാർലമെന്റിൽ പാസായത്.
പുതിയ നിയമ പ്രകാരം ഡ്രൈവർ മദ്യപിച്ചതായി പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കുന്നത്. കൂടാതെ കുറഞ്ഞത് 561 ഡോളർ പിഴയും ഈടാക്കും.
പുതിയ നിയമം മെയ് 20 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവർക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചു.
സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂര്‍ണ ലൈസന്‍സുള്ളവര്‍ക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.
ഇതില്‍ നിന്ന് നേരിയ അളവിലെങ്കിലും കൂടുതലായി മദ്യത്തിന്റെ അംശം കണ്ടെത്തിയാലാണ് ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുന്നതായും ചെയ്യുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രി കോൺസ്റ്റൻസ് വ്യക്തമാക്കി.
മദ്യപിക്കുന്നവർക്ക് മാത്രമല്ല ഈ പുതിയ നിയമം. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരിധോധനയിൽ തെളിഞ്ഞാലും നിയമം ബാധകമാകുമെന്ന് മന്ത്രി സൂചിപ്പിച്ചു.
നിലവിലെ നിയമപ്രകാരം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് ഉടൻ റദ്ദാക്കില്ല. എന്നാൽ കോടതി ഉത്തരവ് ലഭിച്ചാൽ മാത്രമേ ലൈസൻസ് റദ്ദാക്കിയിരുന്നുള്ളു.
മദ്യപിച്ച് വണ്ടി ഓടിച്ച അറുപത്തെട്ടോളം പേരാണ് ന്യൂ സൗത്ത് വെയില്‍സിൽ കഴിഞ്ഞ വർഷം റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.