മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വന്‍ കുറവാണ് സ്‌കില്‍ഡ് വിസയ്ക്കായി ഇന്‍വിറ്റേഷന്‍ നല്‍കുന്നതില്‍ ഏപ്രിലില്‍ വന്നിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ സ്‌കില്‍ഡ് വിസകള്ക്കായി എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്‍കുന്നവരില്‍ നിന്ന്, പോയിന്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഓരോ മാസവും സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ക്ഷണം അയക്കുന്നത്. എല്ലാ മാസവും 11ാം തീയതിയാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ നല്‍കുക.
മാര്‍ച്ച് 11ന് സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ (സബ്ക്ലാസ് 189) ക്കായി 1750 പേരെയായിരുന്നു ക്ഷണിച്ചത്.
എന്നാല്‍ ഏപ്രില്‍ പതിനൊന്നിന് ഇത് വെറും 50 മാത്രമാണ്.
സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ വിസ, അഥവാ സബ്ക്ലാസ് 491ന്റെ ഫാമിലി സ്‌പോണ്‍സേര്‍ഡ് സ്ട്രീമില്‍ മാര്‍ച്ചില്‍ 300 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയെങ്കില്‍, ഏപ്രിലില്‍ അതും 50 ആയി കുറഞ്ഞു.

April 2020 invitation round for subclass 189 and subclass 491 Source: Department of Home Affairs
കുറഞ്ഞത് 95 പോയിന്റുള്ളവര്‍ക്കാണ് 189 വിസക്കായി ഏപ്രിലില്‍ ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. മാര്‍ച്ചിലും ഇത് 95 പോയിന്റ് തന്നെയായിരുന്നു.
എന്നാല്‍ 491 വിസയില്‍ മാര്‍ച്ചില്‍ 85 പോയിന്റുള്ളവര്‍ക്കും ഇന്‍വിറ്റേഷന്‍ ലഭിച്ചിരുന്നെങ്കില്‍, ഏപ്രിലില്‍ ഇതും 95 പോയിന്റായി.
ഓസ്‌ട്രേലിയയുടെ ഏതു ഭാഗത്തും ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് സബ്ക്ലാസ് 189 സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ. മെട്രോ നഗരങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളിലേക്കുള്ളതാണ് സബ്ക്ലാസ് 491.

Source: Department of Home Affairs
ഓരോ മാസവും എത്ര പേര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കും എന്ന കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഒന്നുമില്ലെന്ന് ആഭ്യന്തര വകുപ്പ് വക്താവ് എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
കൊവിഡ്-19 മായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളും, രോഗബാധ കഴിഞ്ഞുണ്ടാകുന്ന സാഹചര്യവും നേരിടുന്നതിനായി വിസ-കുടിയേറ്റ രീതികളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിലെ തൊഴിലവസരങ്ങളെ ഇത് ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടിവരുമെന്നും കുടിയേറ്റകാര്യ വക്താവ് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ ഇതുവരെ എട്ടു ലക്ഷം പേര്‍ക്കെങ്കിലും കൊറോണവൈറസ്ബാധ മൂലം ജോലി നഷ്ടമായിട്ടുണ്ട് എന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക്. ജൂണ്‍ മാസത്തോടെ തൊഴിലില്ലായ്മ പത്തു ശതമാനമാകാം.
കൊറോണവൈറസ് പ്രതിസന്ധി ഓസ്‌ട്രേലിയയുടെ കുടിയേറ്റ നയത്തെ എങ്ങനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കുടിയേറ്റ വിസകള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് അമേരിക്കന് #സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.