കിഴക്കന്‍ പെര്‍ത്തിലെ മിഡ് വെയിലില്‍ 2018 ജൂലൈ 31നായിരുന്നു ബിജു പൗലോസ് ഓടിച്ചിരുന്ന BMW കാര്‍ മൂന്ന് ആണ്‍കുട്ടിളെ ഇടിച്ചിട്ടത്.
റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറിയ ഈ എസ് യു വി, കുട്ടികളെ ഇടിച്ചിട്ട ശേഷം നിര്ത്താതെ ഓടിച്ചു പോയിരുന്നു. തൊട്ടടുത്തുള്ള ഒരു നിരത്തില്‍ നിന്നാണ് പൊലീസ് പിന്നീട് കാര്‍ കണ്ടെടുത്തതും ബിജുവിനെ അറസ്റ്റ് ചെയ്തതും.
അപകടത്തില്‍ പരുക്കേറ്റിരുന്ന കെയ്ഡന്‍ മക്ഫീ എന്ന പതിനഞ്ചുകാരന്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ വച്ച് മരിച്ചു.
ബ്ലേക്ക് ഒ നെയില്‍ എന്ന പതിനാറുകാരനും ഗുരുതരമായി പരുക്കേറ്റെങ്കിലും പിന്നീട് അപകടനില തരണം ചെയ്തിരുന്നു. ഒരു പന്ത്രണ്ടുകാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈ കേസില്‍ ബിജു പൗലോസ് നേരത്തേ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
മദ്യലഹരിയിലാണ് ബിജു പൗലോസ് കാറോടിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
തീര്‍ത്തും തെറ്റായതും അപകടകരമായതുമായ രീതിയിലാണ് ബിജു പൗലോസ് കാറോടിച്ചതെന്നും, കുട്ടികള്‍ക്ക് ഒഴിഞ്ഞുമാറാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജോസഫ് മക്ഗ്രാത്ത് ചൂണ്ടിക്കാട്ടി.
അപകടകരമായ രീതിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്ന മറ്റു ഡ്രൈവര്‍മാരുടെ സാക്ഷിമൊഴികളും കോടതി പരിശോധിച്ചു.

The BMW SUV that hit three teenagers in Perth Source: The West Australian
പശ്ചാത്തപിക്കുന്നുവെന്ന് ബിജു
തനിക്കു നേരേ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോയതെന്ന് ബിജു പൗലോസ് വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്നാല്‍, ചെയ്ത തെറ്റിന് ബിജു പശ്ചാത്തപിക്കുന്നു എന്ന കാര്യം കോടതി അംഗീകരിച്ചു.
അടുത്ത കാലത്തെങ്ങും ബിജു പൗലോസ് മദ്യപിച്ചിട്ടില്ലെന്നും, സംഭവിച്ചുപോയ തെറ്റില്‍ നിന്നും, അതിന്റെ ആഘാതത്തില്‍ നിന്നും ബിജു പൗലോസ് ഇതുവരെയും മുക്തനായിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കടുത്ത മാനസികാഘാതത്തിലായിരുന്നു ബിജുവെന്നും അഭിഭാഷകന്‍ വാദിച്ചു. അതായിരുന്നു മദ്യപാന ശീലത്തിന് കാരണം എന്നായിരുന്നു വാദം.
തെറ്റു സമ്മതിച്ചുകൊണ്ട് ബിജു പൗലോസ് കോടതിക്ക് കത്തുമെഴുതിയിരുന്നു.
അതേസമയം, അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബത്തോട് ബിജു പൗലോസ് ഇതുവരെയും നേരിട്ട് മാപ്പു പറഞ്ഞിട്ടില്ലെന്നും, ഒരു കുടുംബാംഗം വഴി പരോക്ഷമായി ഖേദപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അപകടം നടന്ന ശേഷവും കാര്‍ നിര്ത്താതെ പോയതിനെ ഒരു തരത്തിലും അവഗണിക്കാന്‍ കഴിയില്ലെന്നും, കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന കണക്കിലെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.
രണ്ടു മക്കളുടെ പിതാവായ ബിജു പൗലോസിന് ഒമ്പതു വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും, ഏഴു വര്‍ഷം കഴിയുമ്പോള്‍ പരോളിന് അര്‍ഹതയുണ്ടാകും.
ബിജു പൗലോസിന്റെ ഡ്രൈവിംഗ് ലൈസന്‍സും ഏഴു വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.