വിക്ടോറിയയിലെ ഗിപ്സ്‌ലാൻഡിൽ വിവിധ എ ടി എം മെഷീനുകളിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തട്ടിപ്പ് നടത്തിയത് 'ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ' നിന്നുള്ള രണ്ടു പേർ ആണെന്ന് പോലീസ് സംശയിക്കുന്നു.
തട്ടിപ്പ് നടന്ന ദിവസങ്ങളിൽ രാവിലെയും വൈകിട്ടും എ ടി എം കൗണ്ടറുകൾ ഇവർ സന്ദർശിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തട്ടിപ്പു നടത്തിയവർ എ ടി എം മെഷീനുകളിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് കാർഡുകളിലെ വിവരങ്ങൾ ശേഖരിക്കുകയായിരിന്നു എന്ന് പോലീസ് വെളിപ്പെടുത്തി. ഈ വിവരങ്ങൾ ഉപയോഗിച്ച് മെൽബണിലെ കിഴക്കൻ സബർബുകളുടെ പല ഭാഗങ്ങളിൽ നിന്നായി ഇവർ പണം പിൻവലിക്കുകയും ചെയ്തു.
പെയ്ൻസ്‌വിൽ പ്രദേശത്തെ വിവിധ എ ടി എം മെഷീനുകളിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയത്. ജൂൺ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പു നടന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു. ഇവരെപ്പറ്റി വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ 1800 333 000 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Share

