പുതുതായി കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് എല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറയുന്നതിനാൽ അധികം താമസിയാതെ തന്നെ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
ഇത് എത്രയും വേഗം സാധ്യമാക്കാന്‍ ഫെഡറൽ സർക്കാരിന്റെ പുതിയ COVIDSafe ആപ്പ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ്-19 വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ സഹായിക്കുന്ന കൊവിഡ്സേഫ് (COVIDSafe) മൊബൈൽ ഫോൺ ആപ്പ് ഈയാഴ്ചയാണ് ഫെഡറൽ സർക്കാർ പുറത്തിറക്കിയത്.
ഇതിനോടകം 2.8 മില്യൺ പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നും ഇനിയും കൂടുതൽ പേർ ഇതിനായി മുൻപോട്ടു വരണമെന്നും മോറിസൺ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയക്കാര്‍ വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെയാണ് ഈ ആപ്പിന്റെ പ്രസക്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സാധാരണജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
'വിദേശയാത്രാ വിലക്ക് ഉടൻ നീക്കില്ല'
ഓസ്‌ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നത് ഉടൻ സാധ്യമാകുമെന്ന് തോന്നുന്നില്ലെന്ന് മോറിസൺ അറിയിച്ചു. സാധാരണ നിലയിലേക്ക് ഓസ്ട്രേലിയ മാറിയാൽ മാത്രമേ ഇതേക്കുറിച്ച് ചിന്തിക്കാന് കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ന്യൂസീലാന്റിലേക്കുള്ള യാത്ര അനുവദിക്കുന്ന കാര്യം ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ടങ്ങള്‍ ഉടന്‍ അനുവദിക്കില്ല
ജനങ്ങൾ കൂട്ടത്തോടെ ഒത്തുചേരുന്നതിലുള്ള വിലക്ക് നിലനിക്കുമെന്നും ഉടൻ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തില്ലെന്നും മോറിസൺ വ്യക്തമാക്കി.
കായിക പരിപാടികൾ കൂട്ടത്തോടെ കാണാൻ പോകുന്നതും റെസ്റ്റോറന്റുകളിലും കഫെകളിലും ഭക്ഷണം കഴിക്കാൻ പോകുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികള് സാധ്യമാകുന്ന സമയത്തിനായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ സ്വകാര്യ പ്രാർത്ഥനകൾക്കായി ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.