ACT- യിൽ തിങ്കളാഴ്ചയാണ് ഈ നിയമം നടപ്പിലാക്കാനുള്ള തീരുമാനം ഗതാഗത മന്ത്രി പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മാത്രമേ ഇത്തരം വാഹനങ്ങളുടെ സമീപത്തുകൂടി ഓടിക്കാൻ അനുവാദമുള്ളൂ.
ഏപ്രിൽ 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. നിയമം പാലിക്കാത്തവർക്ക് രണ്ടു ഡിമെറിറ് പോയിന്റുകളും $257 പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
റോഡരികിൽ നിർത്തിയിട്ട് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, പാരാമെഡിക്സ്, അഗ്നിശമന സേനാ വാഹനങ്ങൾ, സ്റ്റേറ്റ് എമർജൻസി സെർവിസിന്റെ വാഹനങ്ങൾ എന്നിവയ്ക്ക് സമീപത്തു കൂടി സഞ്ചരിക്കുമ്പോഴാണ് മറ്റു ഡ്രൈവർമാർ വേഗത കുറയ്‌ക്കേണ്ടത്.
എന്നാൽ എമർജൻസി വാഹനങ്ങളുടെ എതിർവശത്തുകൂടി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഈ നിയമം ബാധകമല്ല
NSW -ലും ഈ നിയമം നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ഇതിനായി സെപ്റ്റംബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി അറിയിച്ചു.
മറ്റു വാഹനങ്ങളുടെ അമിത വേഗത രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ഇവരുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംസഥാന ഗതാഗത മന്ത്രി മെലിൻഡ പാവയ് അറിയിച്ചു.
മാർച്ച് ആദ്യം വെസ്റ്റേൺ ഓസ്‌ട്രേലിയ ഈ നിയമം നടപ്പിലാക്കിയിരുന്നു. എമർജൻസി വാഹനങ്ങൾക്ക് സമീപത്തു കൂടി 40 കിലോമീറ്റർ വേഗതയിൽ കൂടുതൽ ഡ്രൈവ് ചെയ്താൽ നാല് ഡിമെറിറ് പോയിന്റുകളും 400 ഡോളർ പിഴയുമാണ് വെസ്റ്റേൺ ഓസ്ട്രേലിയ ഈടാക്കുന്നത്.
അതേസമയം ക്വീൻസ്ലാന്റിൽ ഈ നിയമം നടപ്പിലാക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും സർക്കാർ അതിനു തയ്യാറല്ല. മറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നു സംസഥാന ഗതാഗത മന്ത്രി മാർക്ക് ബെയ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചു .
കഴിഞ്ഞ വര്ഷം വിക്ടോറിയയും നിയമം നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്ത് എമർജൻസി വാഹനങ്ങൾക്ക് സമീപത്തു കൂടി യാത്ര ചെയ്യുമ്പോൾ 40 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ. സൌത്ത് ഓസ്ട്രേലിയയില് 25 കിലോമീറ്ററാണ് അനുവദനീയമായ വേഗത.