മെൽബണിൽ ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന ഒരു മലയാളി നൽകിയ പരാതി പരിഗണിച്ചാണ് ഫെയർ വർക് ഓംബുഡ്സ്മാൻ കൊവിഡ് പരിശോധനയ്ക്ക് ശേഷമുള്ള അവധിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഭാര്യയുടെ ജോലി സ്ഥലത്ത് ഒരാൾക്ക് കൊറോണവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തോട് കൊവിഡ് പരിശോധനയ്ക്ക് പോകാൻ ഏജ്ഡ് കെയർ മാനേജ്മെന്റ് നിർദ്ദേശിച്ചിരുന്നു.
കൊവിഡ് പരിശോധന കഴിഞ്ഞാൽ ഫലം വരുന്നതുവരെ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
ഫലം ലഭിക്കാൻ ദിവസങ്ങൾ കാലതാമസമുള്ളതിനാൽ, ഈ ദിവസങ്ങൾ മെഡിക്കൽ ലീവായി കണക്കാക്കുമെന്ന് ഏജ്ഡ് കെയർ മാനേജ്മെന്റ് വ്യക്തമാക്കി.
എന്നാൽ പരിശോധനാ ഫലം വന്നപ്പോൾ ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമായി.

COVID-19 has jumped across rooms in a Sydney hotel quarantine facility. Source: AAP
രോഗമോ, രോഗലക്ഷണങ്ങളോ ഇല്ലാത്ത താൻ മെഡിക്കൽ ലീവ് നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ലെന്നും, ലീവ് ഒഴിവാക്കണമെന്നും അദ്ദേഹം സ്ഥാപനത്തോട് ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് സമ്മതിച്ചില്ല.
തുടർന്നാണ് അദ്ദേഹം ഫെയർ വർക് ഓംബുഡ്സ്മാനെ സമീപിച്ചത്.
ശമ്പളം നൽകണമെന്ന് ഓംബുഡ്സ്മാൻ
തൊഴിലുടമ നിർദ്ദേശിച്ച പ്രകാരമാണ് പരിശോധനയ്ക്ക് പോയതെങ്കിൽ ആ ദിവസങ്ങൾ പേഴ്സണൽ ലീവ് ആയി കണക്കാക്കേണ്ട കാര്യമില്ലെന്ന് ഫെയർ വർക് ഓംബുഡ്സ്മാൻ വ്യക്തമാക്കി.
പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ - അതായത്, കൊറോണവൈറസ് ബാധിച്ചതായി തെളിഞ്ഞാൽ - ആ ദിവസങ്ങൾ മെഡിക്കൽ ലീവായി കണക്കാക്കാം.
എന്നാൽ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ, പേഴ്സണൽ ലീവിൽ നിന്നോ, ആന്വൽ ലീവിൽ നിന്നോ ഈ ദിവസങ്ങൾ ഈടാക്കാൻ കഴിയില്ല.
മറിച്ച്, തൊഴിലുടമയുടെ നിർദ്ദേശപ്രകാരം ജോലിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ദിവസങ്ങളിലെ അടിസ്ഥാന ശമ്പളം ഇദ്ദേഹത്തിന് നൽകണമെന്നും ഫെയർ വർക് ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു.
ഈ ദിവസങ്ങളിൽ സാധാരണ ഗതിയിൽ എത്ര മണിക്കൂറാണോ ജോലി ചെയ്യേണ്ടത്, അത്രയും സമയത്തിന്റെ അടിസ്ഥാന ശമ്പളം നൽകണം എന്നാണ് നിർദ്ദേശം.
ഫെയർ വർക് ഓംബുഡ്സ്മാന്റെ നിർദ്ദേശം ലഭിച്ചതോടെ ഏജ്ഡ് കെയർ മാനേജ്മെന്റ് മുൻ തീരുമാനം മാറ്റാനും, ശമ്പളം നൽകാനും തയ്യാറായെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ മെൽബൺ മലയാളി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
അതിനിടെ, ഏജ്ഡ് കെയർ ജീവനക്കാർ കൊവിഡ് പരിശോധയിലേക്കോ ഐസൊലേഷനിലേക്കോ പോയാൽ 14 ദിവസം ശമ്പളത്തോടെയുള്ള പാൻഡമിക് ലീവ് നൽകാൻ ഫെയർ വർക്സ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് കാലത്തെ ലീവ്
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലീവ് ആനുകൂല്യങ്ങളിലും തൊഴിൽ സ്ഥലത്തെ ആനുകൂല്യങ്ങളിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഫെയർ വർക് ഓംബുഡ്സ്മാൻ എസ് ബി എസ് മലയാളത്തെ അറിയിച്ചു.
രോഗമില്ലാത്തവരോട് വീട്ടിലിരിക്കാനോ, വീട്ടിലിരുന്ന് ജോലി ചെയ്യാനോ തൊഴിൽ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ അതിന് ശമ്പളം നൽകണം എന്നാണ് വ്യവസ്ഥ.
എന്നാൽ സർക്കാർ നൽകുന്ന നിർദ്ദേശത്തിന്റെ (enforceable government direction) അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വീട്ടിലിരിക്കേണ്ടി വരുന്നതെങ്കിൽ ശമ്പളം നൽകേണ്ട ആവശ്യമില്ല.
ശമ്പളമില്ലാത്ത പാൻഡമിക് ലീവ് പോലുള്ള പുതിയ വ്യവസ്ഥകളും ഈ സമയത്ത് നടപ്പാക്കിയിട്ടുണ്ട്.
നിരവധി തൊഴിൽ മേഖലകളിൽ പകുതി ശമ്പളത്തിൽ വാർഷിക ലീവ് എടുക്കാനും കഴിയും.
ഇതിന്റെ വിശദാംശങ്ങൾ ഫെയർ വർക് ഓംബുഡ്സ്മാന്റെ വെബ്സൈറ്റിൽ കാണാവുന്നതാണ്.
കൊവിഡ് കാലത്തെ തൊഴിൽ സ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് സംശയങ്ങളും ആശങ്കകളും ഉള്ളവർക്ക് ഫെയർ വർക്ക് ഇൻഫോലൈനെ 13 13 94 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും ഓംബുഡ്സ്മാൻ അറിയിച്ചു.
ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമുള്ളവർക്ക് സൗജന്യമായി വിവർത്തകരെയും ലഭിക്കും. ഇതിന് 13 14 50 എന്ന നമ്പരിൽ ബന്ധപ്പെടാം.