ഡിസംബർ 24ന് വൈകുന്നേരം ആറ് മണി മുതലാണ് ക്വീൻസ്ലാൻറ് സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നത്. ഇതിനായുള്ള നിയമനിർമ്മാണത്തിലാണ് സംസ്ഥാന സർക്കാർ.
നിയമം നിലവിൽ വന്നാൽ ഈ സമയം ജോലി ചെയ്യുന്നവർക്ക് പെനാൽറ്റി റേറ്റ് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഫെഡറൽ സർക്കാർ എടുത്തുമാറ്റിയ വാരാന്ത്യത്തിലെ പെനാൽറ്റി റേറ്റ് സംസ്ഥാന സർക്കാരിന് പുനഃസ്ഥാപിക്കാൻ കഴിയില്ലെങ്കിലും ക്രിസ്മസ് രാവിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് ഇതൊരു ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്നും പാലാഷേ പറഞ്ഞു.
ഇതുവഴി ഹോസ്പിറ്റാലിറ്റി മേഖലയിൽ ഈ സമയത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് സാധാരണ ലഭിക്കുന്ന ശമ്പളത്തേക്കാളും ശരാശരി 146 ഡോളർ അധികം ലഭിക്കുമെന്ന് പ്രീമിയർ അറിയിച്ചു.
നിയമം നിലവിൽ വന്നാൽ ക്രിസ്ത്മസ് രാവ് പൊതു അവധിയായി പ്രഖ്യാപിക്കുന്ന ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ സംസ്ഥാനമാകും ക്വീൻസ്ലാൻറ്. നോർത്തേൺ ടെറിട്ടറിയും സൗത്ത് ഓസ്‌ട്രേലിയയുമാണ് ഡിസംബർ 24 വൈകുന്നേരം പൊതുഅവധിയായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാനങ്ങൾ.
2012 മുതൽ സൗത്ത് ഓസ്‌ട്രേലിയയിലും 2016 മുതൽ നോർത്തേൺ ടെറിട്ടറിയിലും ഡിസംബർ 24 വൈകുന്നേരം ഏഴു മണി മുതൽ പൊതുഅവധിയാണ്. ഈ സമയത്തിന് ശേഷം ഇവിടെ ജോലി ചെയ്യുന്നവർക്ക് പെനാൽറ്റി റേറ്റ് ലഭിക്കുന്നുണ്ട്.
സൗത്ത് ഓസ്‌ട്രേലിയയിൽ ഇത് നടപ്പിലാക്കിയതിന് ശേഷം ലഭിച്ച നല്ല രീതിയിലുള്ള പ്രതികരണമാണ് ക്വീൻസ്ലാന്റിലും നിയമം നടപ്പാക്കാനുള്ള പദ്ധതിയെന്ന് ഇൻഡസ്ട്രിയൽ റിലേഷൻസ് മന്ത്രി ഗ്രേസ് ഗ്രേസ് പറഞ്ഞു.
എന്നാൽ തൊഴിലുടമകളെ ഇത് നേരിയ തോതിൽ ബാധിക്കാൻ ഇടയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമം നടപ്പിലായാൽ തൊഴിലുടമകൾക്ക് പ്രത്യേകിച്ചും ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർക്ക് ഉപഭോക്താക്കളിൽ നിന്നും ക്രിസ്മസ് രാവിൽ പബ്ലിക് ഹോളിഡേ സർചാർജ് ഈടാക്കാമെന്നും മന്ത്രി സൂചിപ്പിച്ചു.
അതേസമയം നിയമം നിലവിൽ വരാൻ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്ന പബ്ലിക് കൺസൾട്ടേഷന് ആവശ്യമാണ്.
സെപ്റ്റംബർ രണ്ട് വരെയാണ് ഇതിനുള്ള സമയം. ഇതിന് ശേഷം നിയമ നിർമ്മാണം നടത്തി ഈ വര്ഷം ക്രിസ്ത്മസ് രാവിൽ നിയമം നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണ് ക്വീൻസ്ലാൻറ് സർക്കാർ.