ഓസ്‌ട്രേലിയയിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചന്വേഷിക്കാൻ 2016 ഒക്ടോബറിലാണ് മൈഗ്രന്റ് വർക്കേഴ്സ് ടാസ്‌ക്‌ഫോഴ്സിനെ നീയോഗിച്ചത്.
ഇതേതുടർന്ന് മുൻ ACCC തലവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിന്റെ ഫലമായിട്ടാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. അന്വേഷണത്തിൽ രാജ്യത്ത് ജോലി ചെയ്യുന്ന ഏതാണ്ട് 880,000 തൊഴിലാളികളിൽ പകുതിയും കുറഞ്ഞ വേതനം വാങ്ങി ജോലി ചെയ്യുന്നതായി കണ്ടെത്തി.
മണിക്കൂറിൽ 47 സെന്റിന് പോലും ജോലി ചെയ്യുന്ന തൊഴിലാളികൾ ഉള്ളതായാണ് കണ്ടെത്തൽ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ 22 ശുപാർശകളാണ് കർമ്മസമിതി മുന്നോട്ടു വച്ചത്.
തൊഴിലാളികൾക്ക്കുറഞ്ഞ വേതനം നൽകുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കി ഉയർന്ന പിഴയും ജയിൽ ശിക്ഷയും വരെ നൽകണമെന്നുമാണ് ശുപാർശകൾ.
കർമ്മസമിതി സംഘം മുന്നോട്ടു വച്ച എല്ലാ ശുപാർശകളും മന്ത്രി കെല്ലി ഒ ഡ്വയർ തത്വത്തിൽ അംഗീകരിച്ചു.
നിലവിൽ ഫെയർ വർക്ക് ആക്ട് പ്രകാരം കുറഞ്ഞ വേതനം നൽകുന്നവർക്ക് പിഴ ശിക്ഷ മാത്രമേ നൽകാറുള്ളൂ.
എന്നാൽ കുടിയേറ്റ തൊഴിലാളികൾക്ക് ബോധപൂർവം തുടർച്ചയായി കുറഞ്ഞ വേതനം നൽകുന്നത് സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിന് പുറമെ ഇത്തരം സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കാവുന്ന വിധത്തിൽ ഫെയർ വർക്കസ് ഓംബുഡ്സ്മാന് കൂടുതൽ അധികാരം നൽകണമെന്നും കർമ്മസമിതി ശുപാർശ ചെയ്തു.
കുറഞ്ഞ ശമ്പളം നൽകി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കാൻ 2016-17 കാലയളവിൽ സർക്കാർ 20.1 മില്യൺ ഡോളർ ഫെയർ വർക് ഓംബുഡ്മാന് അനുവദിച്ചു നൽകിയിരുന്നു. കൂടാതെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനായി 14.4 മില്യൺ ഡോളറും സർക്കാർ നൽകിയിരുന്നു.
അതേമസയം കുറഞ്ഞ വേതനം നൽകുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കരുതെന്ന് ഓസ്‌ട്രേലിയൻ ഇൻഡസ്ടറി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അനാവശ്യമായ നടപടിയാണെന്നും തൊഴിലാളികൾക്ക് ഇത് ദോഷം ചെയ്യുമെന്നും ഓസ്‌ട്രേലിയൻ ഇൻഡസ്ടറി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഇന്നീസ് വില്ലോക്സ് പറഞ്ഞു.