വിക്ടോറിയയിൽ കൊറോണവൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമായപ്പോൾ കുടിയേറ്റ സമൂഹങ്ങളിലുള്ളവരിലേക്ക് കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ കാര്യക്ഷമമായി എത്തിക്കാൻ കഴിഞ്ഞില്ല എന്ന് വിമർശനമുയർന്നിരുന്നു.
ആരോഗ്യവകുപ്പുകളുടെ വെബ്സൈറ്റുകളും മറ്റു വിശദാംശങ്ങളുമെല്ലാം 63 ഭാഷകളിലേക്ക് വിവർത്തനം ചെയ്തെങ്കിലും, കൊവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിൽ ഇത് പൂർണമായും ഫലവത്തായില്ല എന്നാണ് വിലയിരുത്തൽ.
പല കുടിയേറ്റ സമൂഹങ്ങളിലുമുള്ളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലുള്ള അപര്യാപ്തത ഇതിന് വലിയൊരു കാരണമായി എന്നാണ് ഫെഡറൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, കുടിയേറ്റ സമൂഹങ്ങൾക്കുള്ള ഇംഗ്ലീഷ് പരിശീലന പദ്ധതി കൂടുതൽ വിപുലമാക്കാൻ സർക്കാർ തീരുമാനിച്ചു.
അർഹരായ കുടിയേറ്റക്കാർക്ക് സൗജന്യമായി ഇംഗ്ലീഷ് പരിശീലനം നൽകുന്ന അഡൽറ്റ് മൈഗ്രന്റ് ഇംഗ്ലീഷ് പ്രോഗ്രാം (AMEP) ആകും പ്രധാനമായും മാറ്റത്തിന് വിധേയമാകുക.
ഈ പരിശീലനത്തിന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയപരിധി എടുത്തുമാറ്റും.
നിലവിൽ ഒരാൾക്ക് 510 മണിക്കൂറാണ് സൗജന്യമായി ഇംഗ്ലീഷ് പരിശീലനം അനുവദിക്കുന്നത്. ഈ പരിധിയാണ് ഇല്ലാതാക്കുക.
കുടിയേറിയെത്തി ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ മാത്രമേ ഈ പരിശീലനം ലഭ്യമാകൂ എന്ന വ്യവസ്ഥയും സർക്കാർ ഇല്ലാതാക്കും.
അതേസമയം, നിലവിലെ സാഹചര്യത്തിൽ പോലും സൗജന്യ പരിശീലനം പൂർണമായി പ്രയോജനപ്പെടുത്തുന്നവർ കുറവാണെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് ചൂണ്ടിക്കാട്ടി.
പരിശീലനത്തിൽ പങ്കെടുക്കുന്നവർ ശരാശരി 300 മണിക്കൂർ വീതമാണ് ഇത് ഉപയോഗിക്കുന്നതെന്നും, 21 ശതമാനം പേരും അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം പോലും നേടാതെയാണ് ഇത് അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Mr Tudge says making English language capability e more widespread would help the nation's social cohesion. Source: AAP
ഇത് തൊഴിൽ ലഭിക്കുന്നതിനും സമൂഹത്തിൽ സജീവമാകുന്നതിനും കുടിയേറ്റക്കാർക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇംഗ്ലീഷ് മോശമായതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനല്ല ഇത്. എന്നാൽ ഭാഷാപരമായ തടസ്സങ്ങളുള്ളപ്പോൾ സമൂഹത്തില് സജീവമാകാൻ പ്രയാസമാണ്”, അലൻ ടഡ്ജ് ചൂണ്ടിക്കാട്ടി.
ക്ലാസ്റൂം പരിശീലനമാകുന്നതാണ് പലപ്പോഴും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് പുതിയ കുടിയേറ്റക്കാരെ പിന്തിരിപ്പിക്കുന്നത് എന്നാണ് സർക്കാർ കരുതുന്നത്. അതിനാൽ ഈ പരിശീലനം നൽകുന്ന രീതിയിലും മാറ്റമുണ്ടാകും.
രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തവരുടെ എണ്ണം 2006ൽ 5,60,000 ആയിരുന്നത് 2016ലെ സെൻസസിൽ 8,20,000 ആയി ഉയർന്നിട്ടുണ്ട്.
ഓസ്ട്രേലിയൻ പൗരത്വം നൽകുമ്പോഴും രാജ്യത്തിന്റെ മൂല്യങ്ങൾ മനസിലാക്കുന്നു എന്ന കാര്യം ഉറപ്പു വരുത്താൻ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കുടിയേറ്റകാര്യമന്ത്രി പറഞ്ഞു.