ന്യൂ സൗത്ത് വെയിൽസിലെ വിക്കറി കല്‍ക്കരി ഖനി വിപുലീകരിക്കുന്നതിനെതിരെ എട്ട് കുട്ടികൾ ചേർന്ന് കഴിഞ്ഞ വർഷം നൽകിയ ഹർജിയിലാണ് കോടതി വിധി.
വിക്കറി കല്‍ക്കരി ഖനി വിപുലീകരിക്കുന്നത് മൂലം 100 മില്യൺ ടൺ അധികം കാർബൺ വിസർജ്ജനം ഉണ്ടാകുമെന്നാണ് കണക്കുകൾ.
ന്യൂ സൗത്ത് വെയിൽസിലെ സ്വതന്ത്ര പ്ലാനിംഗ് കമ്മീഷൻ ഈ പദ്ധതിക്ക് നേരെത്തെ അനുമതി നൽകിയിരുന്നു.
കല്‍ക്കരി ഖനി വിപുലീകരിക്കുന്നത് തടയുവാൻ കോടതി വിധിച്ചില്ലെങ്കിലും കുട്ടികളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളിൽ നിന്ന് സംരക്ഷിക്കേണ്ടത് പരിസ്ഥിതി മന്ത്രി സൂസൻ ലേയുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫെഡറൽ കോടതി ജസ്റ്റിസ് മോർഡക്കായി ബ്രോംബെർഗ് നടത്തിയ ഈ കോടതി വിധി ലോകത്തിലെ തന്നെ ആദ്യത്തേത് എന്നാണ് ക്ലാസ് ആക്ഷൻ വക്താക്കൾ വിശേഷിപ്പിച്ചത്.

ഇതുവരെയുള്ള നടപടികളിൽ മന്ത്രി സൂസൻ ലേയുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും സംഭവിച്ചതായി കാണുന്നില്ലെന്നും കോടതി പരാമർശിച്ചു. എന്നാൽ ഖനി വിപുലമാക്കാൻ സ്വീകരിക്കുന്ന നടപടികളിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുക്കണമെന്നാണ് കോടതി വിധി.
അതുകൊണ്ട് തന്നെ ഖനി വിപുലമാക്കണമോ വേണ്ടയോ എന്നകാര്യം പരിഗണിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ പരിസ്ഥിതി മന്ത്രി ഉറപ്പ് വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗോള കാർബൺ വിസർജ്ജന കണക്കുകളെയും താപനിലയെയും, വിക്കറി ഖനിയിൽ നിന്നുള്ള കാർബൺ വിസർജ്ജനം ചെറിയ രീതിയിൽ മാത്രമാണ് ബാധിക്കാൻ സാധ്യതയെങ്കിലും കാലാവസ്ഥാ വ്യതിയാനം ഒരു ഭീഷണിയാണെന്നും, വിദൂരമല്ലെന്നും ബ്രോംബെർഗ് പറഞ്ഞു.
സ്വീഡനിൽ നിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് ഓസ്‌ടേലിയൻ കോടതി വിധിയെ സ്വാഗതം ചെയ്ത നിരവധി പരിസ്ഥിതി പ്രവർത്തകരിൽ ഉൾപ്പെടുന്നു.
കോടതി വിധി ആശ്വാസം പകരുന്നതായി ഖനി വിപുലീകരിക്കുന്നതിന് എതിരെ കേസ് നൽകിയ കുട്ടികളിൽ ഒരാളായ 17 വയസ്സുകാരി ഏവ പ്രിൻസി പറഞ്ഞു. കൽക്കരി ഖനി വിപുലമാക്കാൻ മന്ത്രി സൂസൻ ലേ അനുവദിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായി ഏവ പ്രതികരിച്ചു.

