കൊറോണവൈറസ് ബാധയെത്തുടർന്ന് അതിർത്തികൾ അടച്ചതിനു ശേഷം ഓസ്ട്രേലിയൻ പൗരൻമാരെയും റെസിഡന്റ്സിനെയും, അവരുടെ അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നത്.
മറ്റുവിസകളിലുള്ളവർക്ക് ബോർഡർ ഫോഴ്സിൽ നിന്ന് പ്രത്യേക ഇളവു ലഭിച്ചാൽ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി.
ഇത്തരം ഇളവ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ ഇളവിനായി അപേക്ഷിക്കാതെ തന്നെ ഓസ്ട്രേലിയയിലേക്ക് വരാൻ ബിസിനസ് വിസകളിലുള്ളവരെ കൂടി ഫെഡറൽ സർക്കാർ അനുവദിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 19നാണ് ഇത്തരമൊരു മാറ്റം ആഭ്യന്തരവകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ഓസ്ട്രേലിയൻ പൗരന്മാരെയും റെഡിസന്റ്സിനെയും കുടുബാംഗങ്ങളെയും പോലെ, പ്രത്യേക നിബന്ധനകളൊന്നും കൂടാതെ തന്നെ ബിസിനസ് വിസ (സബ്ക്ലാസ് 188)യിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാൻ കഴിയും.
എന്നാൽ, ഓരോ ആഴ്ചയിലും രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നവരുടെ പരിധിയിലാണ് ഇവരും ഉൾപ്പെടുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്.
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പരിധി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ ബാധിക്കുമ്പോൾ, ബിസിനസ് വിസയിലുള്ളവരെ നിയന്ത്രണങ്ങളില്ലാതെ വരാൻ അനുവദിക്കുന്നത് നീതിനിഷേധമാണെന്ന് ലേബർ സെനറ്റർ ക്രിസ്റ്റിന കെന്നലി ആരോപിച്ചു.
കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള സെനറ്റ് സമിതി തെളിവെടുപ്പിൽ ബോർഡർ ഫോഴ്സ് കമ്മീഷണർ മൈക്കൽ ഔട്രമിനോട് ഇതേക്കുറിച്ച് സെനറ്റർ കെന്നലി ചോദ്യമുന്നയിച്ചിരുന്നു.

الناطقة باسم المعارضة لشؤون الأمن الداخلي كريستينا كنيلي Source: AAP
തിരിച്ചെത്തുന്നവർക്ക് നിശ്ചയിച്ചിരിക്കുന്ന പരിധിക്കുള്ളിൽ ബിസിനസ് വിസയിലുള്ളവരും ഉൾപ്പെടാൻ സാധ്യതയുണ്ട് എന്ന മറുപടിയാണ് ABF കമ്മീഷണർ നൽകിയത്.
ഓസ്ട്രേലിയക്കാർ വിദേശത്ത് കുടുങ്ങിക്കിടക്കുമ്പോൾ, പണമുള്ളവർക്ക് വിസ വാങ്ങി ഇങ്ങോട്ടേക്ക് വരാൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പിന്നീട് സോഷ്യൽ മീഡിയയിലൂടെ സെനറ്റർ കെന്നലി കുറ്റപ്പെടുത്തി.
ഓസ്ട്രേലിയയിൽ ബിസിനസ് തുടങ്ങുന്നതിനായി നിക്ഷേപം നടത്താൻ തയ്യാറുള്ളവർക്കാണ് സബ്ക്ലാസ് 188 വിസ അനുവദിക്കുന്നത്.
കുറഞ്ഞത് 15 ലക്ഷം ഡോളറെങ്കിലും നിക്ഷേപം നടത്താൻ തയ്യാറുള്ളവർക്കാണ് ഈ സബ്ക്ലാസിലുള്ള ഭൂരിഭാഗം വിസകൾക്കും അർഹത.
ഓസ്ട്രേലിയക്കാർ സർക്കാരിന്റെ ദയ കാത്ത് കഴിയുമ്പോൾ, പണമുള്ളവർ വിസ വാങ്ങി ഇങ്ങോട്ടു വരുന്നു സെനറ്റർ കെന്നലി ആരോപിച്ചു
രാജ്യത്തെ ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിലുള്ളതിൽ 25 ശതമാനം പേരും ഓസ്ട്രേലിയൻ പൗരൻമാരോ റെസിഡന്റുകളോ അല്ലെന്ന് ബോർഡർ ഫോഴ്സ് കമ്മീഷണർ സെനറ്റ് അന്വേഷണത്തെ അറിയിച്ചിട്ടുണ്ട്.
ലഭ്യമായ ക്വാറന്റൈൻ സംവിധാനം ഓസ്ട്രേലിയക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു