നാലു മാസത്തോളമായി പടർന്നു പിടിച്ചിരിക്കുന്ന കോറോണവൈറസിനെ പ്രതിരോധിക്കാൻ മരുന്നും വാക്സിനും കണ്ടെത്തുന്നതിനായി വിവിധ രാജ്യങ്ങൾ ഗവേഷണം തുടരുകയാണ്. രോഗം ഭേദമാക്കാൻ കഴിയുമെന്ന വ്യാജേന മരുന്നുകളും ഓൺലൈനിൽ വിലപ്പനക്കുണ്ട്.
ഇതിനിടെയാണ് ക്ലോറിൻ ഡയോക്സൈഡ് ഉപയോഗിക്കുന്നത് വഴി രോഗം ഭേദമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ജെനിസിസ് II ചർച്ച് ഓഫ് ഹെൽത്ത് ആൻഡ് ഹീലിംഗ് എന്ന സ്വയം പ്രഖ്യാപിത പള്ളി രംഗത്തെത്തിയത്. വ്യവസായശാലകളിൽ ഉപയോഗിക്കുന്ന ബ്ലീച്ചാണ് ക്ലോറിൻ ഡയോക്സൈഡ്.
രോഗം ഭേദമാക്കാൻ കഴിയുന്ന മിറാക്കൾ മിനറൽ സൊല്യൂഷൻ (MMS) എന്ന പേരിലാണ് പള്ളി ഇതിന്റെ വിൽപ്പന ഓൺലൈൻ ആയി നടത്തുന്നത്. കൊറോണവൈറസിന് പുറമെ ഓട്ടിസം, മുഖക്കുരു, അർബുദം, പ്രമേഹം തുടങ്ങി പല രോഗങ്ങളും ഭേദമാക്കാൻ MMS നു കഴിയുമെന്നാണ് പള്ളിയുടെ അവകാശവാദം.
എന്നാൽ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദഗ്ധർ. ഇത് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇത് മനുഷ്യ ശരീരത്തിൽ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയ അംഗീകാരം നൽകിയിട്ടില്ലെന്നും ഓസ്‌ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
കൂടാതെ ഇത് ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി NSW പോയിസൻസ് ഇൻഫർമേഷൻ സെന്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദീർഘനാളായി ഓൺലൈൻ വിപണിയിലൂടെ വിറ്റഴിക്കുന്ന MMS നെതിരെ ഓസ്‌ട്രേലിയയിലെ നിരവധി വിദഗ്ധർ രംഗത്തെത്തിയിരുന്നു. ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലാന്റിലുമായി ഇത് ഉപയോഗിച്ച അഞ്ച് പേരെ കഴിഞ്ഞ വര്ഷം ചികിത്സിച്ചതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
അതേസമയം ഇതിന്റെ ഉപയോഗം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ചതായി അമേരിക്കയിലുള്ള പള്ളിയുടെ ആർച്ച് ബിഷപ്പ് മാർക് ഗ്രെനൻ പറഞ്ഞു.
കീടനാശിനി കുത്തിവച്ച് കൊറോണവൈറസ് ഇല്ലാതാക്കാം എന്ന് വാര്‍ത്താ സമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ട്രംപ് ഈ പ്രസ്താവന നടത്തുന്നതിനും ദിവസങ്ങൾക്ക് മുമ്പാണ് MMS സംബന്ധിച്ച് അദ്ദേഹത്തിന് കത്തയച്ചത് എന്നാണ് ആർച്ച് ബിഷപ്പ് അവകാശപ്പെട്ടത്.
MMS വിതരണം ചെയ്യുന്ന ജെനിസിസ് II ചർച്ച് ഓഫ് ഹെൽത്ത് ആൻഡ് ഹീലിംഗിനെതിരെ അമേരിക്കൻ ഫെഡറൽ കോടതി കഴിഞ്ഞ മാസം നിയമനടപടി കൈക്കൊണ്ടിരുന്നു.
മനുഷ്യ ശരീരത്തിന് ഹാനികരമായ MMS ന്റെ വിതരണം ഉടൻ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പള്ളിക്കെതിരെയും ഇതുമായി ചേർന്ന് പ്രവർത്തിക്കുന്ന നാല് പേർക്കെതിരെയും കോടതി നടപടി കൈക്കൊണ്ടത്.