ഓസ്‌ട്രേലിയയിൽ ഓരോ ദിവസവും രണ്ട് ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാമെന്നുള്ള മോഡലിംഗിലെ കണക്കുകൾ ''തീരെ സാധ്യതയില്ലാത്തവയാണെന്ന്'' പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
കൊവിഡിനെതിരെ നടപടിയൊന്നും സ്വീകരിക്കുകയില്ല, പരിമിതമായ ബൂസ്റ്റർ ഡോസ് പദ്ധതി, കേസുകൾ കൂടുന്ന സാഹചര്യത്തിലും പൊതുജനത്തിന്റെ പ്രതികരണത്തിൽ മാറ്റമില്ല എന്നിങ്ങനെ നിരവധി കാര്യങ്ങൾ മോഡലിംഗിൽ അനുമാനിക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ പ്രതിദിന കേസുകൾ മോഡലിംഗിൽ പറയുന്ന രീതിയിൽ ഉയരാൻ ''സാധ്യത തീരെയില്ല'' എന്ന് സൺറൈസ് പരിപാടിയിൽ പ്രധാനമന്ത്രി പ്രതികരിച്ചു.
ഇത്തരം പ്രതിദിന കേസുകളല്ല രാജ്യത്ത് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിവിധ വേദികളിൽ എത്രപേർക്ക് ഒത്തുകൂടാം എന്നതിനുള്ള പരിധിയും, സന്ദർശകരുടെ എണ്ണത്തിലുള്ള പരിധിയും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എടുത്തമാറ്റിയിരിക്കുന്നത് കണക്കിലെടുത്തുകൊണ്ടുള്ള ഡോഹെർട്ടി ഇൻസ്റ്റിറ്റൂട്ടിന്റെ മോഡലിംഗിറ്നെ വിശദാംശങ്ങൾ ചാനൽ ഒന്പതാണ് റിപ്പോർട്ട് ചെയ്തത്.
2022 ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെ രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് ഉയരാമെന്ന കണക്കുകളാണ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്.
എന്നാൽ ഈ റിപ്പോർട്ട് "തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്'' ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി കുറ്റപ്പെടുത്തി. ചില കാര്യങ്ങൾ മാത്രം പരിഗണിക്കുന്ന റിപ്പോർട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരുമാനങ്ങൾ എടുക്കാൻ മോഡലിംഗ് സഹായിക്കുമെങ്കിലും നിരവധി ഘടകങ്ങൾ ചേർത്താണ് മോഡലിംഗ് വിലയിരുത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സാധ്യതകളിലും ഏറ്റവും മോശം സാഹചര്യമാണ് മോഡലിംഗിൽ അവതരിപ്പിക്കുന്നതെന്നും പല അനുമാനങ്ങളും ഇതിൽ ഉണ്ടെന്നുമുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
മോഡലിംഗിലെ പ്രധാന അനുമാനങ്ങൾ
- ഡെൽറ്റ വകഭേദം പോലെ തന്നെ തീവ്രതയുള്ള വൈറസ് വകഭേദമാണ് ഒമിക്രൊൺ
- വളരെ പരിമിതമായ ബൂസ്റ്റർ പദ്ധതി
- കൂടുതൽ കേസുകൾ സ്വീകരിക്കാൻ ആശുപത്രികൾ പര്യാപ്തമല്ല
- അടിസ്ഥാന പൊതുജനാരോഗ്യ നടപടികളിൽ മാറ്റമില്ല
- കേസുകൾ കൂടുമ്പോഴും സാഹചര്യത്തോടുള്ള പൊതുജനത്തിന്റെ പ്രതികരണത്തിൽ അല്ലെങ്കിൽ പെരുമാറ്റ രീതിയിൽ മാറ്റമില്ല
ഈ അഞ്ച് അനുമാനങ്ങൾ യഥാർത്ഥ സാഹചര്യത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് മാത്രമല്ല അവയെല്ലാം ഒരുമിച്ച് ഉണ്ടാവുക എന്നത് അത്രപോലും സാധ്യതയുള്ള കാര്യമല്ല എന്നും പോൾ കെല്ലി പറഞ്ഞു. ഇക്കാരണത്താൽ പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിലേക്ക് ഉയരാമെന്ന റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി.
2020ൽ മഹാമാരി പൊട്ടിപുറപ്പെട്ടപ്പോൾ 17 ആഴ്ചകൾക്കുള്ളിൽ 35,000 ICU ബെഡ്ഡുകൾ വേണ്ടിവരുമെന്നായിരുന്നു മോഡലിംഗ് എന്ന് പ്രൊഫസ്സർ പോൾ കെല്ലി പറഞ്ഞു. എന്നാൽ ആ സാഹചര്യത്തിലേക്ക് പോയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

Chief Medical Officer Professor Paul Kelly. Source: AAP
ആശുപത്രിയിലും ICUയുവിലുമുള്ള അഡ്മിഷൻ, മരണം എന്നിവയിൽ ഡെൽറ്റയേക്കാൾ തീവ്രത കുറവുള്ള വകഭേദമാണ് ഒമിക്രോൺ എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.