കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷമുള്ള ഏറ്റവും ആശങ്കാജനകമായ ദിവസമാണ് ഇതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
24 മണിക്കൂറിൽ 466 പേർക്കാണ് പ്രാദേശികമായി കൊറോണവൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്.
1.3 ലക്ഷം പരിശോധനകൾ സംസ്ഥാനത്ത് നടത്തിയിരുന്നു.
നാലു പേർ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ 50 വയസിൽ താഴെയുള്ള സ്ത്രീയാണ്. വാക്സിനെടുക്കാത്ത ഇവർ, പാലിയേറ്റീവ് കെയറിൽ കഴിയുകയായിരുന്നു.
ഒറ്റ ദിവസം കൊണ്ട് പുതിയ കേസുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വർദ്ധനവും ഇതാണെന്ന് പ്രീമിയർ പറഞ്ഞു. 390 കേസുകളായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
പുതിയ കേസുകളിൽ കുറഞ്ഞത് 68 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.
സംസ്ഥാനത്തെ കൂടുതൽ മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉടലെടുക്കുകയാണെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
കൂടുതൽ സൈന്യം, കൂടുതൽ പിഴ
സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സർക്കാർ തീരുമാനിച്ചു.
ഞായറാഴ്ച അർദ്ധരാത്രി മുതൽ ഓപ്പറേഷൻ സ്റ്റേ അറ്റ് ഹോം എന്ന പേരിൽ പൊലിസ് കർശന പരിശോധനകൾ തുടങ്ങും.
500 അധിക സൈനികരുടെ സഹായത്തോടെയാകും ഇത്.
നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും അത് പാലിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണെന്ന് പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ പറഞ്ഞു.
ഇതോടെ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കുള്ള പിഴ വൻതോതിൽ കൂട്ടാനും തീരുമാനിച്ചു.
പുതിയ പിഴ ഇങ്ങനെയാണ്
- ഹോം ക്വാറന്റൈൻ ലംഘിച്ചാൽ 5,000 ഡോളർ ഉടനടി പിഴ
- പെർമിറ്റുകൾക്കായി കള്ളം പറഞ്ഞാൽ 5,000 ഡോളർ ഉടനടി പിഴ
- കോൺടാക്ട് ട്രേസിംഗിൽ കള്ളം പറഞ്ഞാൽ 5,000 ഡോളർ ഉടനടി പിഴ
- വ്യായാമത്തിനിറങ്ങുമ്പോൾ രണ്ടു പേരിൽ കൂടുതൽ ഒരുമിച്ചാൽ 3,000 ഡോളർ ഉടനടി പിഴ
- ഉൾനാടൻ പ്രദേശങ്ങളിലേക്കു പോകുന്നതിനുള്ള നിയന്ത്രണം ലംഘിച്ചാൽ 3,000 ഡോളർ ഉടനടി പിഴ
സംസ്ഥാനത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പിഴയാണ് ഇതെന്നും, ശനിയാഴ്ച മുതൽ പൊലിസ് ഇത് നൽകിത്തുടങ്ങുമെന്നും കമ്മീഷണർ അറിയിച്ചു.
ഗ്രേറ്റർ സിഡ്നി മേഖലയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനുള്ള ദുരപരിധിയും വെട്ടിക്കുറച്ചിട്ടുണ്ട്.
വ്യായാമത്തിനോ, ഷോപ്പിംഗിനോ ആയി വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. നിലവിൽ ഇത് 10 കിലോമീറ്ററാണ്.
തിങ്കളാഴ്ച മുതലാണ് ഈ മാറ്റം നിലവിൽ വരിക.
ഒറ്റയ്ക്ക് ജീവിക്കുന്നവർക്കുള്ള സിംഗിൾസ് ബബ്ളിൽ, ആരെയാണ് കാണുന്നത് എന്നത് രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
കൊവിഡ് ബാധ അതീവ രൂക്ഷമായ കൗൺസിലുകളിൽ പരിശോധന നടത്തിയ ശേഷം വീട്ടിലിരിക്കുന്നവർക്ക് 320 ഡോളർ സാമ്പത്തിക സഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. വരുമാനം നഷ്ടമാകുന്നവർക്കാണ് ഈ സഹായം.
Share

