ഓസ്ട്രേലിയയിൽ കൊറോണവൈറസ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിലാണ് കൗൺസിലുകൾ നടത്തുന്ന പൗരത്വ ദാന ചടങ്ങുകൾ നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
ചടങ്ങുകൾ ഓൺലൈനായി നടത്താൻ ഏപ്രിൽ ആദ്യവാരം കുടിയേറ്റ-പൗരത്വകാര്യ വകുപ്പ് തീരുമാനിച്ചിരുന്നു.
നേരിട്ടുള്ള പൗരത്വ പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം അഭിമുഖങ്ങളുമെല്ലാം നിർത്തിവച്ചിരിക്കുകയാണ്.
ഓൺലൈൻ പൗരത്വദാന ചടങ്ങുകൾ വഴി ഇതുവരെ 25,000ലേറെ പേരാണ് ഓസ്ട്രേലിയൻ പൗരൻമാരായി മാറിയത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്.
ഓരോ ദിവസവും 750 പേരോളം ഓൺലൈൻ ചടങ്ങ് വഴി പൗരത്വം സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, ഓസ്ട്രേലിയൻ പൗരത്വം ലഭിക്കുന്നതിലെ ഏറ്റവും ആകർഷണീയ ഘടകമായ പൗരത്വ ദാന ചടങ്ങുകൾ നിർത്തിവച്ചത് ഒട്ടേറെ പേരെയാണ് നിരാശപ്പെടുത്തിയതെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് പറഞ്ഞു.

കൊറോണവൈറസ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്ന പശ്ചാത്തലത്തിലാണ് നേരിട്ടുള്ള പൗരത്വദാന ചടങ്ങുകളും വീണ്ടും തുടങ്ങാൻ കൗൺസിലുകൾക്ക് അനുമതി നൽകിയത്.
നേരിട്ടോ, ഔൺലൈനായോ, അല്ലെങ്കിൽ സംയുക്തമായോ ചടങ്ങുകൾ നടത്താൻ കൗൺസിലുകൾക്ക് തീരുമാനമെടുക്കാം.
എന്നാൽ ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം ചടങ്ങുകൾ നടത്തുന്നത്.
നേരിൽ ചടങ്ങിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇനിയും ഓൺലൈൻ ആയി പൗരത്വം സ്വീകരിക്കാമെന്നും, ആഭ്യന്തര വകുപ്പ് അതിനായി ഓൺലൈൻ ചടങ്ങുകൾ തുടരുമെന്നും അലൻ ടഡ്ജ് വ്യക്തമാക്കി.
പൗരത്വപരീക്ഷകൾ വരും ആഴ്ചകളിൽ തുടങ്ങും
കൊറോണവൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന പൗരത്വപരീക്ഷകളും അഭിമുഖങ്ങളം വരും ആഴ്ചകളിൽ പുനരാരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി അറിയിച്ചു.
ഈ നടപടികൾ നിർത്തിവച്ചതുകാരണം അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം കൂടിയിരുന്നു.
കഴിഞ്ഞ വർഷം ശരാശരി 16 മാസമായിരുന്നു പൗരത്വ അപേക്ഷകളിൽ തീരുമാനമാകുന്നതിനുള്ള ശരാശരി കാലാവധി. എന്നാൽ 23 മാസമായിട്ടാണ് ഇത് ഉയർന്നിരിക്കുന്നത്.
ലഭിച്ച അപേക്ഷകൾ പലരും പൗരത്വവകുപ്പ് പരിഗണിച്ചു തുടങ്ങിയെങ്കിലും, നേരിട്ടുള്ള കൂടിക്കാഴ്ചകൾ ആവശ്യമായവ ആ ഘട്ടത്തിൽ നിർത്തിവച്ചിരിക്കുകയാണ്.
അഭിമുഖങ്ങളും പരീക്ഷകളും തുടങ്ങുന്നതോടെ അപേക്ഷകളിൻമേലുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും അലൻ ടഡ്ജ് പ്രതീക്ഷ പ്രകടിപ്പിച്ചു.

