വാക്‌സിനേഷനായി ജനങ്ങൾ മുൻപോട്ടു വരണമെന്ന് സർക്കാർ ആവശ്യപ്പെടുന്നതിനിടെ, വാക്‌സിനേഷനെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തരം തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കോമൺവെൽത്ത് ക്രിമിനൽ കോഡ് ആക്ട് ലംഘനത്തിന് ഫെഡറൽ പൊലീസിൽ അറിയിക്കുമെന്നാണ് TGA അറിയിച്ചത്.
വാക്‌സിനേഷനെക്കുറിച്ച് ജൂലിയൻ ഹിൽ എം പി നൽകിയ ഫേസ്ബുക് പോസ്റ്റിന് വന്ന ഒരു കമന്റ് ചൂണ്ടിക്കാട്ടിയാണ് TGA ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയിൽ രക്തം കട്ട പിടിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തത് ഒഴിച്ചാൽ, കൊവിഡ് വാക്‌സിനുകൾ മരണകാരണമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള TGA യുടെ റിപ്പോർട്ട് അദ്ദേഹം പങ്കുവച്ചിരുന്നു.
എന്നാൽ, കോവിഡ് വാക്‌സിൻ 210 മരണങ്ങൾക്ക് കാരണമായി എന്ന തെറ്റായ സന്ദേശമായിരുന്നു ഈ ഫേസ്ബുക് പോസ്റ്റിന് താഴെ ലഭിച്ച കമന്റ്.

Source: AAP
ആരോഗ്യ വകുപ്പിൽ നിന്നുള്ള റിപ്പോർട്ടിന് തന്നെ ഇത്തരം തെറ്റായ കമന്റുകൾ നൽകുന്നത് ആശങ്കാജനകമാണെന്ന് TGA പറഞ്ഞു.
ഇത്തരം പ്രചരണങ്ങൾ ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നതെന്നും, രണ്ട് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും TGA അറിയിച്ചു. മാത്രമല്ല, തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് ഫെഡറൽ പൊലീസിൽ പരാതി നൽകുമെന്നും TGA വ്യക്തമാക്കി.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അപകടകരമാണെന്നും, ഇത് ഓസ്‌ട്രേലിയക്കാർക്ക് ഭീഷണിയുയർത്തുന്നുവെന്നും തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടി.
മാസങ്ങൾക്ക് മുൻപ് ലേബർ എം പി ജൂലിയൻ ഹിൽ വാക്‌സിൻ എടുത്ത ശേഷം ഫേസ്ബുക്കിലിട്ട സന്ദേശത്തിന് 25,000 കമന്റുകളാണ് ലഭിച്ചതെന്നും, ഇവയിൽ കൂടുതലും തെറ്റായ സന്ദേശങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ ചില സന്ദേശങ്ങൾ കോമൺവെൽത്ത് ലോഗോയോട് കൂടിയതായിരുന്നുവെന്നും, സർക്കാരിൽ നിന്നുള്ള സന്ദേശങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു ഇവയെന്നും ജൂലിയൻ ഹിൽ എം പി ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ വിവരങ്ങൾക്കെതിരെ അടിയന്തരമായി പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടിന് അദ്ദേഹം കത്തയച്ചിട്ടുണ്ട്.