ഫെഡറൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ പ്രധാനമന്ത്രി സ്കോട്ട് മോറിസനും, ഫെഡറൽ മന്ത്രിമാരും പല തവണ പരസ്യമായി ഉന്നയിച്ച അവകാശമായിരുന്നു ഇത്.
ഫെബ്രുവരി നാലിന് നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞത്, തന്റെ സർക്കാരിന്റെ നയങ്ങൾ “ബിസിനസുകൾ പാപ്പരാകുന്നത് തടയുകയും, ഓസ്ട്രേലിയക്കാർക്ക് ജോലി നഷ്ടമാകുന്നത് ഒഴിവാക്കുകയും, 40,000 ജീവനുകൾ രക്ഷിക്കുകയും ചെയ്തു” എന്നാണ്.
ഏപ്രിൽ ഒമ്പതിന് മുമ്പുള്ള നാലു മാസങ്ങളിൽ കുറഞ്ഞത് 25 തവണ പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തി. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്താക്കുറിപ്പുകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.
ഏപ്രിൽ ഒമ്പതിന് യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലും പ്രധാനമന്ത്രി ഈ അവകാശവാദം ആവർത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങൾ കൊവിഡ് മഹാമാരി ഇപ്രകാരം നിയന്ത്രിച്ചതുകൊണ്ട് ഓസ്ട്രേലിയയിൽ ഇന്ന് 40,000 പേർ ജീവനോടെയിരിക്കുന്നു.”
മാർച്ച് എട്ടിന് നടന്ന AFR ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞത് 38 OECD രാജ്യങ്ങളിലെ മരണനിരക്കുമായി ഓസ്ട്രേലിയയിലെ കൊവിഡ് മരണത്തെ താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് ഇത് എന്നാണ്.

Prime Minister at the Perth Convention Centre on Day 9 of the 2022 federal election campaign, in Perth. Tuesday, April 19, 2022. Source: AAP Image/Mick Tsikas
കണക്കുകൾ
ജോൺ ഹോപ്കിൻസ് കൊറോണവൈറസ് റിസോഴ്സ് സെന്ററിന്റെ കണക്കുകൾ പ്രകാരം 2022 ഏപ്രിൽ 11 വരെ ഓസ്ട്രേലിയയിൽ രേഖപ്പെടുത്തിയത് 6,562 കൊവിഡ് മരണങ്ങളാണ്.
ഒരു ലക്ഷം പേർക്ക് 25.9 മരണം.
അതേസമയം, 38 OECD രാജ്യങ്ങളിലെ കണക്കുകൾ നോക്കിയാൽ ഒരുലക്ഷം പേർക്ക് 195 മരണമാണ് ഉള്ളതെന്ന് AFP ഫാക്ട് ചെക്ക് ചൂണ്ടിക്കാട്ടുന്നു.
അതേ നിരക്ക് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നെങ്കിൽ, 49,405 പേർ ഓസ്ട്രേലിയയിൽ മരിക്കുമായിരുന്നു.
ഈ കണക്കുകൂട്ടൽ പ്രകാരം നോക്കിയാൽ ഓസ്ട്രേലിയയിൽ 40,000 പേരുടെ മരണം ഒഴിവാക്കി എന്ന വിലയിരുത്തൽ ശരിയാണ്.
കാരണമായത് പല ഘടകങ്ങൾ
അതേസമയം, OECD രാജ്യങ്ങളിലെ ശരാശരി മരണനിരക്ക് അടിസ്ഥാനമാക്കി എടുക്കാൻ കഴിയില്ല എന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
കാരണം ഓരോ രാജ്യങ്ങളിലെയും മരണനിരക്ക് തമ്മിൽ വലിയ അന്തരമുണ്ട്. അമേരിക്കയിൽ ഒരു ലക്ഷം പേരിൽ 300.2 എന്നതാണ് മരണനിരക്കെങ്കിൽ, ന്യൂസിലന്റിൽ ഇത് 9.3 ആണ്.
അമേരിക്കയിലെ നിരക്ക് അടിസ്ഥാനമാക്കിയാൽ ഓസ്ട്രേലിയയിൽ 76,058 മരണങ്ങളും, ന്യൂസിലാന്റിലേത് അടിസ്ഥാനമാക്കിയാൽ 2,356 മരണങ്ങളുമാണ് ഉണ്ടാകേണ്ടത്.
ഇത്തരത്തിൽ OECD രാജ്യങ്ങളിലെ ശരാശരി മരണനിരക്കുമായി ഓസ്ട്രേലിയൻ മരണനിരക്ക് താരമത്യം ചെയ്യുന്നതിനെക്കുറിച്ച് AAP ഫാക്ട് ചെക്ക് നിരവധി വിദഗ്ധരുടെ അഭിപ്രായം തേടി. അതുപോലെ, എന്താണ് ഓസ്ട്രേലിയൻ മരണനിരക്ക് താരതമ്യേന കുറഞ്ഞുനിൽക്കാൻ കാരണമെന്നും.
മെൽബൺ യൂണിവേഴ്സിറ്റിയിൽ ബയോസെക്യൂരിറ്റി സ്റ്റാറ്റിസ്റ്റീഷ്യനായ ക്രിസ് ബേക്കർ പറയുന്നത്, വളരെ വിശാലമായ തലത്തിൽ മാത്രമേ ഇത്തരമൊരു താരതമ്യം കണക്കിലെടുക്കാൻ കഴിയൂ എന്നാണ്.
മാത്രമല്ല, ഓരോ പ്രായവിഭാഗത്തിലെയും മരണനിരക്ക് പ്രത്യേകം താരതമ്യം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറയുന്നു.
ഓസ്ട്രേലിയയിലെ മരണനിരക്ക് കുറഞ്ഞുനിൽക്കാൻ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് വിവിധ തലങ്ങളിൽ നടപ്പാക്കിയ പദ്ധതികളാണ്.
രാജ്യാന്തര അതിർത്തികളുടെ കാര്യത്തിൽ ഫെഡറൽ സർക്കാർ തീരുമാനമെടുത്തപ്പോൾ, വിവിധ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തീരുമാനിച്ചത്. ഇത് എല്ലാം ചേർന്നാണ് മഹാമാരിയെ നിയന്ത്രിച്ചത്.
യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാന്റിലെ പകർച്ചവ്യാധി വിദഗ്ധ അസോസിയേറ്റ് പ്രൊഫസർ ലിൻഡ സെൽവെയുടെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനവും, OECD രാജ്യങ്ങളെക്കാൾ താരമത്യേന ചെറുപ്പമായ ജനസംഖ്യയുമാണ് ഓസ്ട്രേലിയയെ ഏറ്റവുമധികം സഹായിച്ചത്.
കടലിൽ ഒറ്റപ്പെട്ട് കഴിയുന്ന ഓസ്ട്രേലിയയുടെ ഭൗമശാസ്ത്രപരമായ സ്ഥാനവും ഓസ്ട്രേലിയയെ സഹായിച്ചു എന്ന് ഡോ. സെൽവെ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണുകളിലൂടെയും മറ്റും ആദ്യ വ്യാപനം തടഞ്ഞുനിർത്തിയതോടെ ഓസ്ട്രേലിയയ്ക്ക് മതിയായ സമയം ലഭിച്ചുവെന്നും, ഇതാണ് കേസുകൾ താരതമ്യേന കുറയാൻ കാരണമെന്നും ഡോ. സെൽവെ പറഞ്ഞു.
അതിർത്തി അടച്ചത് ഫെഡറൽ സർക്കാരിന്റെ തീരുമാനമാണെന്ന് പറഞ്ഞാൽ പോലും, ആരോഗ്യസംവിധാനം, പ്രായം, ജനങ്ങളുടെ ആരോഗ്യസ്ഥിതി തുടങ്ങിയ നിരവധി ഘടകങ്ങൾ ഫെഡറൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ല.
മരണനിരക്ക് നിയന്ത്രിച്ചതിന്റെ ക്രെഡിറ്റ് ഒരു പരിധി വരെ ഫെഡറൽ സർക്കാരിന് അവകാശപ്പെടാം എന്നാണ് നോബല് സമ്മാന ജേതാവായ രോഗപ്രതിരോധ വിദഗ്ധൻ പീറ്റർ ഡോഹർട്ടി AAP ഫാക്ട് ചെക്കിനോട് പറഞ്ഞത്.
എന്നാൽ മറ്റ് ഓസ്ട്രേലിയക്കാർക്കും സമാനമായ ക്രെഡിറ്റ് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നല്ലൊരു PCR സംവിധാനം രൂപപ്പെടുത്താൻ നമുക്ക് വേഗത്തിൽ കഴിഞ്ഞു. ഡോഹർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ വൈറസിനെ വേർതിരിച്ചെടുക്കുന്നതിൽ വിജയിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്.
വൈറസിനെ അകറ്റിനിർത്തുന്നതിൽ ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ സ്വീകരിച്ച ജാഗ്രതയും മരണനിരക്ക് കുറച്ചുനിർത്താൻ നിർണ്ണായക പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു.
40,000 ജീവനകുൾ രക്ഷിച്ചു എന്നു പറയാൻ സ്കോട്ട് മോറിസന് എല്ലാ അർഹതയുമുണ്ട്. എന്നാൽ അതിന്റെ ക്രെഡിറ്റ് പൂർണമായി ഏറ്റെടുക്കാൻ അദ്ദേഹത്തിന് അർഹതയില്ല.
AAP ഫാക്ട് ചെക്ക് വിധി
തന്റെ സർക്കാർ നടപ്പാക്കിയ നയങ്ങൾ മൂലമാണ് 40,000 ജീവനുകൾ രക്ഷിച്ചത് എന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ല എന്നാണ് AAP ഫാക്ട് ചെക്കിന്റെ കണ്ടെത്തൽ.
ഫെഡറൽ സർക്കാരിന്റെ നയങ്ങൾക്കൊപ്പം മറ്റു നിരവധി ഘടകങ്ങളും ഇതിൽ പങ്കുവഹിച്ചു.
വിദേശരാജ്യങ്ങളിലെ മരണനിരക്കുമായി നേരിട്ട് താരമത്യം ചെയ്ത് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നതും ശരിയല്ല എന്നാണ് AAP ഫാക്ട് ചെക്കിന്റെ കണ്ടെത്തൽ.
*AAP ഫാക്ട് ചെക്ക്: രാജ്യാന്തര ഫാക്ട് ചെക്കിംഗ് നെറ്റ്വർക്കിലെ അംഗമാണ് AAP ഫാക്ട് ചെക്ക്. സാമൂഹ്യമാധ്യമങ്ങളിലൂടെ AAP ഫാക്ട് ചെക്കിനെ പിന്തുടരാം. Facebook, Twitter, Instagram.