ആരോഗ്യ പരിപാലനത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച ലേബർ വക്താവ് മാർക്ക് ബട്ലർ, ഡോക്ടറെ കാണുന്നത് മുമ്പത്തേക്കാൾ പ്രയാസകരവും, ജിപിയെ കാണുന്നതിനുള്ള ചെലവ് കൂടിയതായും ആരോപിച്ചു.
''മുൻപൊരിക്കലും ഇത്രയും ബുദ്ധിമുട്ട് നേരിട്ടിട്ടില്ല, മുൻപൊരിക്കലും ഡോക്ട്ടറെ കാണുന്നത് ഇത്രയും ചെലവ് കൂടിയ കാര്യമായിരുന്നില്ല'' എന്ന് 2022 ഏപ്രിൽ 18ന് എബിസി ഇൻസൈഡർസ് എന്ന പരിപാടിയിൽ അവതാരകൻ ഡേവിഡ് സ്പീയേഴ്സ്നോടുള്ള അഭുമുഖത്തിൽ മാർക്ക് ബട്ലർ അവകാശപ്പെട്ടു.
ക്രിസ്റ്റീന കെനീലിയും അന്നിക വെൽസും ഉൾപ്പെടെയുള്ള മറ്റ് ലേബർ നേതാക്കളും സമാനമായ അവകാശവാദങ്ങൾ നടത്തിയിട്ടുണ്ട്.
എന്നാൽ ഈ അവകാശവാദം ഏറെക്കുറെ തെറ്റാണ്.
ലിബറൽ സഖ്യം അധികാരത്തിൽ വന്നതിന് ശേഷം ജിപിയെ കാണുന്നത് കൂടുതൽ എളുപ്പമായി മാറിയിരിക്കുന്നുവെന്നാണ് ദേശീയ തലത്തിലുള്ള ഒദ്യോഗിക സർവ്വേകളും വിവരങ്ങളും നൽകുന്ന സൂചന.
ഈ അവകാശവാദത്തിന് പിന്നിലുള്ള തെളിവ് എന്തെന്നറിയാൻ AAP ഫാക്ട് ചെക്ക് ബട്ലറുടെ കാര്യാലയത്തെ ബന്ധപ്പെട്ടു.
മെട്രോപൊളിറ്റൻ പ്രദേശത്തും ഉൾനാടൻ മേഖലയിലും ജിപി സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് 2022ലെ സെനറ്റ് അന്വേഷണത്തിൽ നൂറു കണക്കിന് സാക്ഷികളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് അവകാശവാദമെന്ന് ബട്ലറുടെ കാര്യാലയം വിശദീകരിച്ചു.
എന്നാൽ ജിപിയെ കാണുന്നത് മുമ്പത്തേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. മറിച്ച്, ഉൾനാടൻ മേഖലയിലും വിദൂര പ്രദേശങ്ങളിലും ചിലർക്ക് ജിപിയുമായുള്ള അപ്പോയ്ന്റ്മെന്റിനായി ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വന്നതായി മാത്രമാണ് നിരീക്ഷണം.
ജിപിയെ കാണുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നുവെന്ന ബട്ലരുടെ അവകാശവാദം കൃത്യമല്ലെന്നാണ് മെൽബൺ സ്കൂൾ ഓഫ് പോപ്പുലേഷൻ ആൻഡ് ഗ്ലോബൽ ഹെൽത്തിലെ ആരോഗ്യ സാമ്പത്തിക വിദഗ്ധനായ അസോസിയേറ്റ് പ്രൊഫസർ കിം ഡാൽസി വ്യക്തമാക്കിയത്.
COVID-19 മായി ബന്ധപ്പെട്ട വർദ്ധിച്ച ഡിമാൻഡും വെയിറ്റിംഗ് ലിസ്റ്റ്ലുള്ളവരുടെ എണ്ണം കൂടിയതും സ്പെഷ്യലിസ്റ്റുകളെ കാണുന്നതിനെ സാരമായി ബാധിച്ചിട്ടുള്ളതായി ഡോ ഡാൽസീൽ പറഞ്ഞു. എന്നാൽ “ജിപി സേവനങ്ങൾക്കായുള്ള ഡിമാൻഡിലോ വിതരണത്തിലോ മാറ്റമൊന്നും ഉണ്ടായിട്ടില്ല” എന്ന് ഡോ ഡാൽസീൽ വ്യക്തമാക്കി.

രോഗികൾക്ക് അവരുടെ സ്ഥിരം ജിപിയുമായി അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നതിന് എത്ര സമയമെടുക്കുന്നു എന്ന് കണ്ടെത്തുകയാണ് ഈ വാദം ശരിയാണോ എന്നറിയാനുള്ള ഒരു മാർഗമെന്ന് ഡോ ഡാൽസീൽ ചൂണ്ടിക്കാട്ടി.
2012/ 13 കാലയളവിൽ രോഗികളുടെ അനുഭവങ്ങൾ ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ വാർഷിക സർവേയിൽ ഉൾപെടുത്തിയിട്ടുണ്ട്. ലേബർ സർക്കാർ ഭരിച്ചിരുന്ന ഈ സമയത്ത് ജിപിയെ കാണുന്നതിനുള്ള സമയം കൂടുതലാണെന്ന് ഇരുപത് ശതമാനം ആളുകൾ വ്യക്തമാക്കിയിരുന്നു.
2013/14ൽ ലിബറൽ സഖ്യം അധികാരത്തിൽ വന്നതിന് ശേഷം ഈ പരാതിയുണ്ടായിരുന്നവരുടെ എണ്ണം 22.6 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. എന്നാൽ പിന്നീട് കുറയുകയും, 2020/21ൽ 16.6 ശതമാനമായി എന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2020 ൽ 2014 ലേക്കാൾ കൂടുതൽ ജിപിമാരുടെ സേവനം ലഭ്യമായിരുന്നുവെന്നും ആരോഗ്യ വകുപ്പ് GP വർക്ക്ഫോഴ്സ് കണക്കുകൾ വ്യക്തമാക്കുന്നു. 2014ൽ 100,000 രോഗികൾക്ക് 105.4 ഫുൾ ടൈം ജിപിമാർ ഉണ്ടായിരുന്നെങ്കിൽ 2020 ൽ ഇത് 114.5 ലേക്ക് ഉയർന്നു.
എന്നാൽ ജിപിമാരുടെ ലഭ്യത ഓരോ പ്രദേശവും അനുസരിച്ച് മാറുന്നു എന്നതും പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസർ ഫ്രാൻസെസ്കോ പൗലൂച്ചി ചൂണ്ടിക്കാട്ടി. ചില വിഭാഗങ്ങൾക്ക് ഡോക്ട്ടറെ കാണാൻ ബുദ്ധിമിട്ട് കൂടിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ജിപിയെ കാണുന്നതിന്ന് ചെലവ് കൂടിയിരിക്കുന്നുവെന്നാണ് ബട്ലറുടെ മറ്റൊരു വാദം.
2013 മുതൽ രോഗികൾക്ക് സ്വന്തം കൈയിൽ നിന്ന് വരുന്ന ചെലവ് ക്രമാനുഗതമായി കൂടിയിട്ടുണ്ടെങ്കിലും, ബൾക്ക് ബില്ലിംഗ് വഴി സൗജന്യ ചികിത്സ ലഭിക്കുന്നതും വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ.
ജി പി സേവനങ്ങൾക്കുള്ള ശരാശരി ഔട്ട് ഓഫ് പോക്കറ്റ് ചെലവ് (രോഗി കൈയിൽ നിന്ന് നൽകേണ്ടി വരുന്ന ചെലവ്) 2021 ജൂലൈ – സെപ്റ്റംബർ കാലയളവിൽ 40.79 ഡോളറാണെന്ന് മെഡികെയർ കണക്കുകൾ വ്യക്തമാക്കുന്നു.
2013ൽ ഇത് 29.85 ഡോളറായിരുന്നു. അതായത്, ഗ്യാപ് പേയ്മെന്റ് എന്നറിയപ്പെടുന്ന ഈ ചെലവിൽ എട്ടു വർഷം കൊണ്ട് 37 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.
ഇതേ കാലയളവിലുണ്ടായിരിക്കുന്ന വിലക്കയറ്റത്തിന്റെ നിരക്ക് 15.1 ശതമാനമാണ്.
എന്നാൽ ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം, പൂർണമായും മെഡികെയർ സേവനം ലഭിക്കാത്ത രോഗികൾക്ക് മാത്രമാണ് ഈ ഔട്ട് ഓഫ് പോക്കറ്റ് ചെലവുള്ളത്.
രാജ്യത്തെ ഭൂരിഭാഗം GPമാരും ബൾക്ക് ബില്ലിംഗ് സേവനം നൽകുന്നുണ്ട്. അതായത്, ചികിത്സാ ചെലവ് പൂർണമായും മെഡികെയർ നൽകുന്നതിനാൽ, രോഗികൾക്ക് കൈയിൽ നിന്ന് ചെലവുണ്ടാകില്ല.
ബൾക്ക് ബില്ലിംഗ് വഴി ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിരിക്കുന്നുവെന്നാണ് 2013 മുതൽ 2021 വരെയുള്ള മെഡികെയർ കണക്കുകൾ വ്യക്തമാക്കുന്നത്.
മാർച്ച് 2020ൽ ടെലിഹെൽത് വന്നതോടെ ബൾക്ക് ബില്ലിംഗ് വീണ്ടും കൂടിയതായാണ് കണക്കുകൾ.
2013 ജൂൺ സെപ്റ്റംബർ പാദത്തിൽ ആശുപത്രിക്ക് പുറത്തുള്ള 83.1 ശതമാനം ചികിത്സയും ബൾക്ക് ബില്ലിംഗ് ചെയ്തിരുന്നെങ്കിൽ, 2021 ഡിസംബർ പാദത്തിൽ ഇത് 88.6 ലേക്ക് ഉയർന്നിട്ടുണ്ട്.
AAP ഫാക്ട് ചെക്ക് വിധി
ഓസ്‌ട്രേലിയയിൽ ജിപിമാരെ കാണുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നുവെന്ന ബട്ലറുടെ അവകാശവാദത്തെ ലഭ്യമായ വിവരങ്ങൾ പിന്തുയ്ക്കുന്നില്ല. ജിപിയെ കാണുന്നത് കൂടുതൽ എളുപ്പമായി മാറിയിരിക്കുന്നുവെന്നാണ് ദേശീയ തലത്തിലുള്ള ഒദ്യോഗിക സർവ്വേകളും വിവരങ്ങളും നൽകുന്ന സൂചന. എന്നാൽ ചില പ്രദേശങ്ങളിൽ ഇതിന് വ്യത്യാസമുണ്ടാകാം.
ജി പിയെ കാണാൻ ചെലവു കൂടിയെന്ന വാദം ബട്ട്ലർ ഉയർത്തിയിരിക്കുന്നത് ചില പ്രധാന വിവരങ്ങൾ ഒഴിവാക്കിക്കൊണ്ടാണ്.
ശരാശരി ഔട്ട് ഓഫ് പോക്കറ്റ് ചെലവ് കൂടി എന്നത് യാഥാർത്ഥ്യമാണെങ്കിലും, ബൾക്ക് ബിൽ ചെയ്യപ്പെടുന്ന ജി പി സേവനങ്ങളും കൂടിയിട്ടുണ്ട്.
അതായത്, മിക്ക രോഗികൾക്കും ഇപ്പോഴും ജി പി യെ കാണുന്നതിന് പണം നൽകേണ്ടി വരുന്നില്ല.
*AAP ഫാക്ട് ചെക്ക്: രാജ്യാന്തര ഫാക്ട് ചെക്കിംഗ് നെറ്റ്വർക്കിലെ അംഗമാണ് AAP ഫാക്ട് ചെക്ക്. സാമൂഹ്യമാധ്യമങ്ങളിലൂടെ AAP ഫാക്ട് ചെക്കിനെ പിന്തുടരാം. Facebook, Twitter, Instagram.

