ക്രിസ്മസ് ഐലൻഡിലെ അഭയാർത്ഥിക്യാമ്പിൽ താമസിച്ചിരുന്ന ഇറാനിയൻ കുടുംബത്തിനാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്.
2010 ൽ ഓസ്‌ട്രേലിയയിലേക്ക് അഭയാർത്ഥികളായി എത്തിയ ഇറാൻ സ്വദേശിനിയ്ക്കും രണ്ട് കുട്ടികൾക്കും വേണ്ടത്ര സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നായിരുന്നു കേസ്. അഭയാർത്ഥിക്യാമ്പിൽ ജീവിച്ച ഒൻപത് മാസക്കാലത്തിൽ കുടുംബത്തിന് നേരിടേണ്ടിവന്ന മോശം സാഹചര്യങ്ങളെ കണക്കിലെടുത്താണ് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി നഷ്ടപരിഹാരം വിധിച്ചത്.

The family was held on Christmas Island. Source: Getty Image
ആത്മഹത്യാ ശ്രമങ്ങൾ ഉൾപ്പെടെയുള്ള മോശമായ സാഹചര്യങ്ങൾക്ക് കുടുംബത്തിന് ദൃക്‌സാക്ഷികൾ ആകേണ്ടിവന്നുവെന്നും ആവശ്യമായ ചികിത്സയും സൗകര്യങ്ങളും സർക്കാർ നല്കിയില്ലെന്നും ഇവർ ആരോപിച്ചു.
പരാതിക്കാരായ അമ്മയ്ക്കും ഒരു കുട്ടിക്കും അമ്പതിനായിരം ഡോളർ വീതം നഷ്ടപരിഹാരമായി നൽകാൻ കഴിഞ്ഞ ആഴ്ച്ച കോടതി വിധിച്ചു. ഈ തുക സർക്കാർ കുടുംബത്തിന് കൈമാറി. രണ്ടാമത്തെ കുട്ടിക്ക് നൽകുന്ന നഷ്ടപരിഹാര തുക വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ ഈ കേസിലെ തങ്ങളുടെ ഉത്തരവാദിത്വം നിഷേധിക്കുന്നതായി ആഭ്യന്തരമന്ത്രാലയം എസ് ബി എസ് ന്യൂസിനെ അറിയിച്ചു. കേസിന്റെ ഭാഗമായി അഭയാർത്ഥിക്യാമ്പിൽ സേവനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന സെർക്കോ ഐ എച് എം എസ് (IHMS) എന്നീ സ്ഥാപങ്ങൾക്കെതിരെ സർക്കാർ കോടതിനടപടികൾ ആരംഭിച്ചു.