ഓസട്രേലിയയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം 1100ന് മുകളിലേക്ക് എത്തിയതിനു പിന്നാലെയാണ് ഫെഡറൽ സർക്കാർ രണ്ടാം ഘട്ട സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചത്.
കഴിഞ്ഞയാഴ്ച 17ബില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 66.1 ബില്യൺ ഡോളറിന്റെ പാക്കേജാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
പല ഓസ്ട്രേലിയക്കാരും ഇപ്പോഴും കൊറോണവൈറസ് പടരുന്ന സാഹചര്യത്തെ ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഡ്നിയിലെ ബോണ്ടായി ബീച്ചിൽ ആളുകൾ തടിച്ചുകൂടിയതും, റെസ്റ്റോറന്റുകളിലും പബുകളിലും നിയന്ത്രണങ്ങൾ മറികടക്കുന്നതും അനുവദിക്കാൻ കഴിയുന്ന കാര്യങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ പ്രാദേശികമായ ലോക്ക്ഡൗണുകൾ (പൂർണമായും അടച്ചിടുന്ന സ്ഥിതി) വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.
ആഭ്യന്തരയാത്രകൾക്ക് നിയന്ത്രണം
ഓസ്ട്രേലിയയ്ക്കുള്ളിൽ നടത്തുന്ന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓസ്ട്രേലിയൻ വാർത്തകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇവിടെ വായിക്കാം.
അത്യാവാശ്യകാര്യങ്ങൾക്കല്ലാതെ നടത്തുന്ന ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. ജോലിസംബന്ധമായ യാത്രകളും, മരണം പോലുള്ള വ്യക്തിപരമായ അടിയന്തരാവസ്ഥകളിലെ യാത്രകളും, സുഗമമായ പൊതുജീവിതം ഉറപ്പാക്കുന്നതിനുള്ള യാത്രകളും ഈ നിയന്ത്രണത്തിന്റെ പരിധിയിൽ വരില്ല.
66 ബില്യൺ പാക്കേജ്
കൊറോണവൈറസ് പ്രതിസന്ധി ജനങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും മേൽ ഏൽപ്പിക്കുന്ന ആഘാതം കുറയ്ക്കുന്നതിനുവേണ്ടിയാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് രണ്ടാം ഘട്ട പാക്കേജ് പ്രഖ്യാപിച്ചത്.
പാക്കേജിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:

Treasurer Josh Frydenberg Source: AAP
സൂപ്പറാന്വേഷൻ പിൻവലിക്കാം
വൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാം.
കൊറോണ വൈറസ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്ന കാഷ്വൽ ജോലിക്കാർക്കും സോൾ ട്രേഡർമാർക്കുമാണ് ഈ ആനുകൂല്യം. പ്രതിസന്ധി മൂലം ലഭിക്കുന്ന ജോലിസമയത്തിലോ വരുമാനത്തിലോ 20 ശതമാനത്തിലേറെ കുറവുണ്ടായെങ്കിൽ ഇതിന് അർഹതയുണ്ടാകും.
ഈ സാമ്പത്തിക വർഷവും, അടുത്ത സാമ്പത്തിക വർഷവും 10,000 ഡോളർ വീതമാണ് പിൻവലിക്കാൻ കഴിയുന്നത്. അടുത്ത സാമ്പത്തിക വർഷം ഒക്ടോപബറിനു മുമ്പായാണ് തുക പിൻവലിക്കാൻ കഴിയുന്നത്.
ഇത്തരത്തിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല. സെന്റർലിങ്കിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ ഇത് ബാധിക്കുകയുമില്ല.
ഓൺലൈനായി ഇതിനുള്ള അപേക്ഷ സമർപ്പിക്കാം.
Jobseeker അലവൻസിന് വെയിറ്റിംഗ് കാലാവധി ഇല്ല
ജോബ്സീക്കർ അലവൻസും, രക്ഷിതാക്കൾക്ക് നൽകുന്ന പേരന്റിംഗ് പേയ്മെന്റും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത ആറു മാസത്തേക്കായിരിക്കും കൊറോണ വൈറസ് സപ്ലിമെന്റ് എന്ന പേരിൽ ഈ അധിക ആനുകൂല്യം നൽകുക.
രണ്ടാഴ്ച കൂടുമ്പോൾ 550 ഡോളറായിരിക്കും പരമാവധി കൊറോണ വൈറസ് സപ്ലിമെന്റായി ലഭിക്കുക. നിലവിൽ ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേയായിരിക്കും ഇത്.
അതായത് പൂർണ ജോബ്സീക്കർ അലവൻസിന് അർഹതയുള്ള ഒരാൾക്ക് രണ്ടാഴ്ച കൂടുമ്പോൾ 1,100 ഡോളർ ലഭിക്കും.
22 വയസിനും പെൻഷൻ പ്രായത്തിനും ഇടയിലുള്ള തൊഴിലില്ലാത്തവർക്ക് നൽകുന്ന ജോബ്സീക്കർ അലവൻസ് ലഭിക്കാൻ ആവശ്യമായ കാത്തിരിപ്പ് കാലാവധി (വെയിറ്റിംഗ് പീരിയഡ്) ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. നിലവിൽ ജോബ്സീക്കർ അലവൻസ് ലഭിക്കുന്നവർക്കും, പുതിയ അപേക്ഷകർക്കും ഇത് ബാധകമാകും.
ബിസിനസുകൾക്ക് കൂടുതൽ സഹായം
ജീവനക്കാർ ഉള്ള ചെറുകിട ബിസിനസുകൾക്ക് കൂടുതൽ സാമ്പത്തിക ആനുകൂല്യവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
50 മില്യണിൽ താഴെ വിറ്റുവരവുള്ള ബിസിനസുകൾക്കും, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സന്നദ്ധസ്ഥാപനങ്ങൾക്കും ഒരു ലക്ഷം ഡോളർ വരെ നികുതിരഹിത സാമ്പത്തിക സഹായം ലഭിക്കും.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള നികുതിവിഹിതത്തിന് തുല്യമായ തുകയായിരിക്കും ഇത്തരത്തിൽ നൽകുന്നത്.
അർഹരായ ബിസിനസുകൾക്ക് കുറഞ്ഞത് 20,000 ഡോളറെങ്കിലും ഇത്തരത്തിൽ ലഭിക്കും. നേരത്തേ രണ്ടായിരം ഡോളർ മുതൽ 25,000 ഡോളർ വരെ പ്രഖ്യാപിച്ചിരുന്നതാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്.
ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകളുടെ പകുതി തുകയ്ക്ക് സർക്കാർ ഗ്യാരന്റി നിൽക്കുമെന്നും ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് വ്യക്തമാക്കി.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.