ഓസ്ട്രേലിയക്കാരുടെ വിദേശയാത്ര നിരോധിച്ചു; കൂടുതൽ നിയന്ത്രണങ്ങൾ, സ്കൂളുകൾ അടക്കില്ല

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയക്കാരുടെ വിദേശയാത്രകൾ നിർത്തിവയ്ക്കമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ നിർദ്ദേശിച്ചു.

രാജ്യത്തെ കൊറോണ വൈറസ് ബാധകൂടുതൽ രൂക്ഷമായ സ്ഥിതിയിലേക്ക് മാറുന്നതിനിടെയാണ് സര്ക്കാര് കടുത്ത നടപടികൾ പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി ആഗോള യാത്രാ നിരോധനം പ്രഖ്യാപിച്ചു.

“ആരും വിദേശത്തേക്ക് പോകരുത്. ഇത് വ്യക്തമായ നിർദ്ദേശമാണ്. ആരും പോകരുത്.” പ്രധാനമന്ത്രി പറഞ്ഞു.

ലെവൽ 4  എന്ന തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങളാണ് ഏര്പ്പെടുത്തിയിരിക്കുന്നത്.

വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരിലൂടെയാണ് രാജ്യത്ത് ഏറ്റവുമധികം കൊറോണവൈറസ് പടരുന്നതെന്നും ഇതു തടയുന്നതിനു വേണ്ടിയാണ് നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങൾ ഒത്തുചേരുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുറികൾക്കോ ഹാളുകൾക്കോ ഉള്ളിൽ അവശ്യ സന്ദർഭങ്ങളിലല്ലാതെ 100 പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല.

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവ ഇത് പാലിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

തുറസ്സായ സ്ഥലങ്ങളിൽ 500 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾ ഒഴിവാക്കണം.

സ്കൂളുകൾ അടച്ചിടില്ല

രാജ്യത്ത് സ്കൂളുകൾ അടച്ചിടേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിൽ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളെ വ്യത്യസ്തമായ രീതിയിലാണ് ഈ വൈറസ് ബാധിക്കുന്നത്. ഒന്നോ രണ്ടോ മാസത്തേക്കുള്ള പോരാട്ടമല്ല വൈറസിനെതിരെ. കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും. അത്രയും കാലം സ്കൂളുകൾ അടച്ചിട്ടാൽ പതിനായിരക്കണക്കിന് പേർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് സുഖമില്ലെങ്കിൽ മാത്രമേ സ്കൂളിൽ പോകാതെ ഇരിക്കേണ്ടതുള്ളൂ. സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ രീതിയാണ് നടപ്പാക്കുന്നത്.  

തന്റെ കുട്ടികളുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.


Share

1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now