ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിനെടുക്കുന്നതിന്റെ തോത് കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ, ഇത് വർദ്ധിപ്പിക്കാനായി സാമ്പത്തിക പാരിതോഷികം നൽകണം എന്നാണ് ലേബർ പാർട്ടി ആവശ്യപ്പെട്ടത്.
അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടപ്പാക്കിയ പാരിതോഷിക-ആനുകൂല്യ പദ്ധതികളുടെ മാതൃക ഓസ്ട്രേലിയയും പിന്തുടരണം എന്നാണ് ലേബറിന്റെ ആവശ്യം.
അടുത്ത നാലു മാസത്തിൽ വാക്സിനെടുക്കുന്നവർക്ക് 300 ഡോളർ ഒറ്റത്തവണ ആനുകൂല്യമായി നൽകണം എന്നാണ് ലേബറിന്റെ നിർദ്ദേശം.
ഡിസംബർ ഒന്നിന് മുമ്പ് വാക്സിനെടുക്കുന്നവർക്ക് ഈ ആനുകൂല്യം നൽകണമെന്ന് ലേബർ ആവശ്യപ്പെട്ടു.
ക്രിസ്ത്മസ് സമയമകാകുമ്പോഴേക്കും ലോക്ക്ഡൗണുകളിൽ നിന്ന് പുറത്തുവരാൻ ഇതിലൂടെ കഴിയുമെന്നും ലേബർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ 70 ശതമാനം ജനങ്ങളും വാക്സിനെടുത്തു കഴിഞ്ഞാൽ ലോക്ക്ഡൗണുകൾ നിർത്തലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ആറു ബില്യൺ ഡോളറാകും ഈ പദ്ധതിയിലൂടെ ഖജനാവിനുണ്ടാകുന്ന ബാധ്യതയെന്നും, എന്നാൽ ലോക്ക്ഡൗണുകൾ കൊണ്ടുണ്ടാകുന്ന ബാധ്യത അതിലും ഏറെ കൂടുതലാണെന്നും ലേബർ പാർട്ടി ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ലോട്ടറികളും, സൗജന്യ ബിയറും വൈനും ഒക്കെയാണ് വാക്സിനെടുക്കുന്നവർക്ക് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വാഷിംഗ്ടണിൽ സൗജന്യ കഞ്ചാവ് നല്കുമെന്ന പ്രഖ്യാപനവുമുണ്ട്.
ബ്രിട്ടനിൽ ടാക്സി നിരക്കിലെ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യയിൽ 5,000 രൂപ സമ്മാനം നേടാനുള്ള മത്സരവുമുണ്ട്.

Many countries around the world are offering incentives to encourage people to get vaccinated. Source: AFP
എന്നാൽ ലേബർ പാർട്ടിയുടെ നിർദ്ദേശം ഫെഡറൽ സർക്കാർ തള്ളി.
ലേബർ പാർട്ടിക്ക് ജനങ്ങളിലുള്ള വിശ്വാസമില്ലായ്മയാണ് ഈ നിർദ്ദേശം കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
കുടുംബത്തെയും സമൂഹത്തെയും സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് ഓസ്ട്രേലിയക്കാർ വാക്സിനെടുക്കാൻ മുന്നോട്ടുവരുന്നതെന്നും, അതാണ് ജനങ്ങൾക്ക് ലഭിക്കുന്ന യഥാർത്ഥ പാരിതോഷികമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള നിർദ്ദേശങ്ങളെല്ലാം നേരത്തേ തന്നെ പരിഗണിച്ചതാണെന്നും എന്നാൽ അത് പ്രായോഗികമല്ലാത്തതിനാൽ നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു രാജ്യത്തെ നടപടി അതുപോലെ പകർത്തുകയല്ല ഓസ്ട്രേലിയയിൽ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് മറ്റു രാജ്യങ്ങളിലെ സാഹചര്യം വ്യക്തമാക്കുന്നതായി ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടും പറഞ്ഞു.
വാക്സിനെടുക്കാൻ ഇതിനകം മുന്നോട്ടുവന്ന ലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാരെ അപമാനിക്കുന്നതാകും ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പാരിതോഷികം പരിഗണനയിലെന്ന് NSW
വാക്സിനെടുക്കുന്നവർക്ക് സാമ്പത്തിക ആനുകൂല്യം നൽകണമെന്ന നിർദ്ദേശത്തിൽ വ്യത്യസ്ത നിലപാടാണ് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ട് സംസ്ഥാനങ്ങൾ സ്വീകരിച്ചത്.
പാരിതോഷികം പ്രായോഗികമല്ലെന്നും, അതിന്റെ ആവശ്യമില്ലെന്നും വിക്ടോറിയയിലെ ലേബർ സർക്കാർ വ്യക്തമാക്കിയപ്പോൾ, ഇത് പരിഗണനയിലുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസിലെ ലിബറൽ സർക്കാർ അറിയിച്ചു.
വാക്സിൻ ലഭ്യതയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
വാക്സിനെടുക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന നല്ലൊരു ഭാഗം ജനങ്ങളുണ്ടെന്നും, എന്നാൽ അവർക്ക് വാക്സിൻ നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ന്യൂ സൗത്ത് വെയിൽസിൽ വാക്സിനെടുക്കുന്നവർക്ക് പാരിതോഷികം നൽകുന്ന കാര്യം നേരത്തേ തന്നെ പരിഗണനയിലുണ്ടെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
ഇപ്പോൾ ജനങ്ങൾക്ക് വേണ്ടത് മനസമാധാനവും, സ്വാതന്ത്ര്യവുമാണെന്നും, അതിന് സഹായിക്കുന്ന ഏതു പാരിതോഷികവും സ്വീകാര്യമാണെന്നും പ്രീമിയർ പറഞ്ഞു.

NSW Premier Gladys Berejiklian takes questions during a COVID-19 update Source: Getty Images
എന്തു തരം പാരിതാഷികമാണ് പരിഗണനയിൽ എന്ന കാര്യം പ്രീമിയർ വ്യക്തമാക്കിയില്ല.
എന്നാൽ 300 ഡോളർ നൽകണമെന്ന ലേബർ പാർട്ടി നിർദ്ദേശത്തെ അനുകൂലിക്കുന്നുണ്ടോ എന്നും ബെറെജെക്ലിയൻ വ്യക്തമാക്കിയിട്ടില്ല.