കൊവിഡ് ബാധ രൂക്ഷമായ ഗ്രെയ്റ്റർ സിഡ്നി മേഖലയും സമീപപ്രദേശങ്ങളും ജൂലൈ 30 വരെ ലോക്ക്ഡൗണിലാണ്.
ലോക്ക്ഡൗൺ സമയത്തും ചൈൽഡ്കെയർ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മിക്ക കുടുംബാംഗങ്ങളും കുട്ടികളെ ചൈൽഡ് കെയറിൽ അയയ്ക്കാറില്ല.
ബുക്കിംഗ് ഉള്ള ദിവസങ്ങളിൽ കുട്ടികളെ ചൈൽഡ് കെയറിൽ അയച്ചില്ലെങ്കിലും ഫീസ് നൽകണമെന്നാണ് വ്യവസ്ഥ. സർക്കാർ നൽകുന്ന സബ്സിഡിക്ക് പുറമേയുള്ള തുക, അഥവാ ഗ്യാപ് ഫീസ്, ആണ് രക്ഷിതാക്കൾ നൽകേണ്ടത്.
ലോക്ക്ഡൗൺ നിലവിലുള്ള സമയത്ത് ഈ ഗ്യാപ് ഫീസ് ഇളവു ചെയ്യുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
അതേസമയം, ഈ പദ്ധതി നടപ്പാക്കുന്നതിനായി ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് സബ്സിഡി തുക സർക്കാർ തുടർന്നും നൽകും.
ന്യൂ സൗത്ത് വെയിൽസിൽ ജൂലൈ 19 തിങ്കളാഴ്ച മുതൽ സ്റ്റേ അറ്റ് ഹോം നിർദ്ദേശം നിലവിലുള്ള പ്രദേശങ്ങളിൽ ഇത് പ്രാബല്യത്തിൽ വരും.
Bayside, Blacktown, Blue Mountains, Burwood, Camden, Campbelltown, Canada Bay, Canterbury-Bankstown, Central Coast, Cumberland, Fairfield, Georges River, Hawkesbury, Hornsby, Hunters Hill, Inner West, Ku-ring-gai, Lane Cove, Liverpool, Mosman, North Sydney, Northern Beaches, Parramatta, Penrith, Randwick, Ryde, Shellharbour, Strathfield, Sutherland Shire, Sydney, The Hills Shire, Waverley, Willoughby, Wollondilly, Wollongong and Woollahra എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് ഇത് ബാധകമാകുന്നത്.
ഇതുവഴി ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ചൈൽഡ് കെയർ സേവനം ലഭ്യമാക്കുന്ന 216,000 കുടുംബങ്ങൾക്ക് ഇത് ഉപകാരപ്രദമാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇവിടെയുള്ളവർക്ക് ഇത് കൂടുതൽ ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ജോലി നഷ്ടപ്പെട്ട കാഷ്വൽ ജീവനക്കാരുൾപ്പെടെയുള്ളവർക്കും, സ്വയം ഐസൊലേഷനിൽ പോകുന്നവർക്കും താത്കാലികമായി സർക്കാർ അഡിഷണൽ ചൈൽഡ് കെയർ സബ്‌സിഡി നൽകുന്നുണ്ട്.