ഓസ്‌ട്രേലിയയിൽ വൈദ്യുതി ബില്ലിന്റെ പണം അടയ്ക്കാൻ വൈകുന്നവരിൽ നിന്നും വൈദ്യുതി കമ്പനികൾ അമിതമായി അധിക ചാർജ് ഈടാക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വര്ഷം 500 മുതൽ 1000 ഡോളർ വരെയാണ് ഉപഭോക്താക്കൾ അധിക തുകയായി അടയ്‌ക്കേണ്ടി വരാം.
ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന നിശ്ചിത സമയത്തിൽ നിന്നും ഒന്നോ രണ്ടോ മണിക്കൂറുകൾ വൈകി പണം അടയ്ക്കുന്നവരും ഭീമമായ തുക അധികമായി നൽകേണ്ടി വരാറുണ്ട്.
ഈ പ്രവണത സ്വീകാര്യമല്ലെന്ന് വൈദ്യുതി മന്ത്രി ആൻഗസ് ടെയ്‌ലർ അറിയിച്ചു.
ഇത്തരം അധിക തുക എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദ്ദേശം ഓസ്‌ട്രേലിയൻ എനർജി മാർക്കറ്റ് കമ്മീഷന് നൽകിയിരിക്കുകയാണ് സർക്കാർ.
ബില്ലടയ്ക്കാന് എത്ര ദിവസം വൈകുന്നോ, അതിന് ആനുപാതികമായിട്ടുള്ള ലേറ്റ് ഫീ മാത്രം നല്കിയാല് മതിയാകും
സൗത്ത് ഓസ്‌ട്രേലിയയിലെ ജനങ്ങൾക്ക് 600 ഡോളർ വരെയും ക്വീൻസ്ലാൻറ് നിവാസികൾക്ക് 500ൽ പരം ഡോളറും ഓരോ വർഷവും ഇത്തരത്തിൽ അധിക തുകയായി നൽകേണ്ടി വരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പുറമെ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിൽ തന്നെ പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് കമ്പനി ഇളവും നൽകാറുണ്ട്. ഇത്തരം ഇളവുകൾ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്.
അതിനാൽ കമ്പനികൾ നൽകുന്ന ഉപാധികളോടെയുള്ള ഇളവുകളും ഈടാക്കുന്ന അധിക തുകയും എടുത്തുമാറ്റിക്കൊണ്ടാകും പുതിയ നിയമം നിലവിൽ വരിക.
മാത്രമല്ല, കമ്പനികൾ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നൽകുകയും അവ നിർത്തലാക്കുകയും ചെയ്യുന്നത് ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കേണ്ടതാണ്.