അടുത്തിടെയായി സ്‌കൂൾ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളിപ്പാട്ടം ആയ ഫിഡ്ജറ്റ് സ്പിന്നർന്റെ സുരക്ഷയെ മുൻനിറുത്തിവെസ്റ്റേൺ ഓസ്‌ട്രേലിയ സുരക്ഷാ അധികൃതകർ അന്വേഷണം ആരംഭിച്ചു.
പമ്പരത്തിന് സമാനമായ ഈ കളിപ്പാട്ടം വിരലുകൾക്കിടയിൽ വച്ചാണ് കുട്ടികൾ ഉപയോഗിക്കുന്നത്. ഇവയുടെ ചില മോഡലുകൾ കൂർത്ത ഭാഗങ്ങളോട് കൂടിയവയാണ്. ഇത് ഉപയോഗത്തിനിടയിൽ കണ്ണിൽ തറച്ചത് വഴി വിക്ടോറിയയിൽ 11 വയസ്സുകാരന്റെ കണ്ണിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
കൂടാതെ, അമേരിക്കയിൽ 10 വയസ്സുകാരി ഇതിലെ ചെറിയ ഭാഗം വിഴുങ്ങാൻ ഇടയായതുമാണ് ഈ കളിപ്പാട്ടത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണം. നിരവധി പരിശോധനകളുടെ ഫലമായാണ് ഈ വിഴുങ്ങിയ ഭാഗം ശരീരത്തിൽ കണ്ടെത്താൻ സാധിച്ചത്. തുടർന്ന് എൻഡോസ്കോപ്പി വഴിയാണ് കുട്ടിയുടെ ശരീരത്തിൽ നിന്നും ഇത് പുറത്തെടുത്തത്.
ഇതിന്റെ അപകട സാധ്യത കണക്കിലെടുത്ത് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജറാൾഡ്ടണ്ണിലുള്ള അണ്ടർ ദി സൺ എന്ന സ്റ്റോർ വിറ്റഴിച്ച 141 എൽ ഇ ഡി ഫിഡ്ജറ്റ് സ്പിന്നറുകൾ തിരിച്ചു വിളിച്ചു. ഇവിടെ നിന്നും ഇത് വാങ്ങിയവർ എത്രയും വേഗം ഇവ തിരികെ നൽകി പണം വാങ്ങേണ്ടതാണെന്ന് കൺസ്യുമർ പ്രൊട്ടക്ഷൻ വെസ്റ്റേൺ ഓസ്ട്രേലിയ അറിയിച്ചു.

Source: Facebook
കുട്ടികളുടെ ഇടയിൽ ഏറെ പ്രിയങ്കരമായ ഈ കളിപ്പാട്ടം ഓൺലൈനിലൂടെയും ലഭ്യമാകുന്നുണ്ട്. അതിനാൽ ഇത് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കൾ ജാഗരൂകരായിരിക്കണമെന്നു കൺസ്യുമർ പ്രൊട്ടക്ഷൻ കമ്മീഷ്ണർ അറിയിച്ചു.
മുതിർന്ന കുട്ടികളാണ് ഇവ കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും ഇതിലെ ബട്ടൺ ബാറ്ററിയും മറ്റ് ചെറിയ ഭാഗങ്ങളും വീട്ടിലെ കൊച്ചു കുട്ടികൾ വിഴുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യുമർ കമ്മീഷൻ ( ACCC ).