മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ലോക സന്തോഷ ദിനമായിരുന്നു മാർച്ച് 20. ഇതോടനുബന്ധിച്ച് യുണൈറ്റഡ് നേഷൻസ് സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും സന്തോഷമുള്ള 149 രാജ്യങ്ങളുടെ പട്ടികയാണ് ഇതിലുള്ളത്.
ഇതിൽ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലാന്റാണ് ഒന്നാം സ്ഥാനത്ത്. ഇത് തുടർച്ചയായ നാലാം തവണയാണ് ഫിൻലാന്റ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് ഓസ്ട്രേലിയ. ന്യൂസിലാന്റ് ആകട്ടെ ഒമ്പതാം സ്ഥാനത്തും. 149 രാജ്യങ്ങളടങ്ങിയ പട്ടികയിൽ 139-ാം സ്ഥാനത്താണ് ഇന്ത്യ. 2019ൽ 140-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഏറ്റവും വെല്ലുവിളി നിറഞ്ഞ കൊവിഡ് കാലത്തിന്റെ പ്രത്യാഘാതങ്ങളും ഇവ രാജ്യങ്ങൾ എങ്ങനെ തരണം ചെയ്തു എന്നതിനുമാണ് ഈ വര്ഷം റിപ്പോർട്ടിൽ മുൻഗണന നൽകിയിട്ടുള്ളത്.
കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങളുടെ ജീവിത നിലവാരം എങ്ങനെയായിരുന്നുവെന്നും ഓരോ രാജ്യത്തെയും സർക്കാരുകൾ എങ്ങനെ പ്രതിസന്ധിഘട്ടം കൈകാര്യം ചെയ്തുവെന്നുമുള്ള കാര്യങ്ങൾക്കാണ് ഇത്തവണ പ്രധാനമായും ഊന്നൽ നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.
ഫിൻലാന്റിന് പിന്നിലായി ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും സ്വിറ്റ്‌സർലാണ്ട്, ഐസ്ലാൻഡ്, നെതർലണ്ട് എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്താണ്.
സ്വീഡൻ, ഓസ്ട്രിയ, നോർവെ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ. പട്ടികയിൽ അമേരിക്ക 19 -ാം സ്ഥാനത്താണ്.
ഏറ്റവും സന്തോഷമില്ലാത്ത രാജ്യം അഫ്ഗാനിസ്താനാണ്. സിംബാവേ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനവും പട്ടികയിൽ അവസാനമാണ്.