മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് വെളിയാഴ്ച ഓസ്‌ട്രേലിയയിലെത്തിയതായി അധികൃതർ അറിയിച്ചു. മൊഡേണയുടെ 350,000 ഡോസുകളാണ് വെള്ളിയാഴ്ച സിഡ്നിയിലെത്തിയത്. യൂറോപ്പിൽ നിന്ന് ഈ ആഴ്ച ഒരു മില്യൺ ഡോസ് മൊഡേണയാണ് എത്തുന്നത്.
പുതിയ വാക്‌സിന് ഡോസുകൾ എത്തുന്നത് വഴി വാക്‌സിൻ ലഭ്യത കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്ന ജിപി കേന്ദ്രങ്ങളിൽ കൂടുതൽ ഡോസുകൾ ലഭ്യമാക്കുകയല്ല ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയതായി എത്തുന്ന വാക്‌സിൻ ഡോസുകൾ 1,800 ഫാർമസികളിലായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അടുത്തയാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
12 വയസ്സും മുകളിലും പ്രായമുള്ളവർക്ക് മൊഡേണ വാക്‌സിൻ നൽകാനുള്ള TGA (Therapeutic Goods Administration) അനുമതിയുണ്ട്.
മെൽബണിൽ മുന്നറിയിപ്പ് അവഗണിച്ച് പ്രതിഷേധം
ലോക്ക്ഡൗൺ വിരുദ്ധ റാലികൾക്കെതിരെ കർശന മുന്നറിയിപ്പ് ഉണ്ടായിട്ടും നൂറ് കണക്കിന് പേർ മെൽബണിൽ ലോക്ക്ഡൗൺ വിരുദ്ധ റാലി നടത്തി.
പ്രതിഷേധവുമായി മെൽബണിൽ റാലി നടത്തിയവരും പോലീസുമായി ഏറ്റുമുട്ടിയതിന് പിന്നാലെ പ്രതിഷേധക്കാർക്കെതിരെ പോലീസ് പെപ്പർ സ്പ്രേ ഉപയോഗിച്ചു.

ശാന്തമായി ആരംഭിച്ച പ്രതിഷേധ റാലി പിന്നീട് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധ റാലിയിൽ '' പ്രീമിയർ ഡാൻ ആൻഡ്രൂസിനെ പുറത്താക്കുക'', ''ഞങ്ങളുടെ കുട്ടികളെ സ്വതന്ത്രരാക്കൂ'', ''ലോക്ക് ഡൗണുകൾ അവസാനിപ്പിക്കൂ'' തുടങ്ങിയ മുദ്രാവാക്ക്യങ്ങൾ ഉപയോഗിച്ചായിരുന്നു റാലി.
ഏകദേശം 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിഷേധ റാലികൾ തടയുന്നത് ലക്ഷ്യമിട്ട് മെൽബൺ നഗരത്തിൽ ശനിയാഴ്ച പൊതുഗതാഗതം ആറു മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ടാസ്മേനിയ
ടാസ്‌മേനിയിൽ 60ന് മേൽ പ്രായമുള്ളവർക്ക് ഫൈസറും മൊഡേണയും ലഭ്യമാകും. ഇന്ന് (ശനിയാഴ്ച) മുതൽ ബുക്കിംഗ് ആരംഭിച്ചു.
അതെസമയം ടാസ്മേനിയും ഹോം ക്വാറന്റൈൻ പദ്ധതി പരീക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.
ന്യൂ സൗത്ത് വെയിൽസിന്റെ ഉൾനാടൻ മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ പദ്ധതിയാണ് ടാസ്മേനിയ നടപ്പാക്കാനുദ്ദേശിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 1,331 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആറു കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് (ശനിയാഴ്ച) രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
ന്യൂ സൗത്ത് വെയിൽസിൽ 16 വയസിന് മേൽ പ്രായമുള്ള 50.6 ശതമാനം പേരും രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത് 81.2 ശതമാനം പേരാണ്.
വിക്ടോറിയ
വിക്ടോറിയയിൽ 535 പ്രാദേശിക കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു. വിക്ടോറിയയിൽ ഈ രോഗബാധയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രെയ്റ്റർ ഷേപ്പാർട്ടൻ മേഖലയിലുള്ള 70ന് മേൽ പ്രായമുള്ള സ്ത്രീയാണ് മരിച്ചത്.
പുതിയ കേസുകളിൽ 62 എണ്ണം നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ACTയിൽ 15 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴ് പേർ രോഗം പടരാൻ സാധ്യതയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ക്വീൻസ്ലാന്റിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 40.54 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

