കൊലാലംപൂർ നിന്നുള്ള എയർ ഏഷ്യ വിമാനമാണ് ബുധനാഴ്ച രാവിലെ വിക്ടോറിയയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. കൊലാലംപൂർ നിന്നും രാത്രി യാത്ര തിരിച്ച AirAsia X Flight D7218 വിമാനം രാവിലെ 8.20നാണ് ആവലോൺ വിമാനത്താവളത്തിൽ എത്തിയത് .
ഇതോടെ മെൽബണിലെ ടുലാമെറൈൻ വിമാനത്താവളത്തിൽ നടത്തിവന്ന എയർ ഏഷ്യയുടെ കൊലാലംപൂർ നിന്നും ദിവസേനയുള്ള രണ്ട് സർവീസുകൾ സ്ഥിരമായി ആവാലോൺ വിമാനത്താവളത്തിലേക്ക് മാറ്റാനാണ് പദ്ധതി.
മെൽബൺ നഗരത്തിൽ നിന്നും ഒരു മണിക്കൂർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ലാറ എന്ന സബർബിലാണ് ആവലോൺ വിമാനത്താവളം. നേരത്തെ ഡൊമസ്റ്റിക് വിമാന സർവീസുകൾ മാത്രമായിരുന്നു ഇവിടെ നിന്നും സർവീസ് നടത്തിയിരുന്നത്.
ഇപ്പോൾ രാജ്യാന്തര സർവീസിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് പുതിയ ടെർമിനൽ തുറന്നുകൊണ്ടാണ് ആവാലോൺ വിക്ടോറിയയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമായി പ്രവർത്തനം ആരംഭിച്ചത്.
48 മില്യൺ ഡോളറാണ് പുതിയ ടെർമിനലിനായി ചിലവാക്കിയത്. ഇതിൽ 20 മില്യൺ ഡോളർ ഫെഡറൽ സർക്കാർ അനുവദിച്ചു നൽകിയിരുന്നു. ഇതിനായി സംസ്ഥാന സർക്കാരും ഫണ്ട് അനുവദിച്ചു നൽകിയിട്ടുണ്ട്.
ആയിരത്തിൽ പരം തൊഴിലാളികളെ ഉൾപ്പെടുത്തി ഈ വർഷം മേയിലാണ് പുതിയ ടെർമിനലിന്റെ പണി തുടങ്ങിയത്.
രാജ്യാന്തര വിമാനത്താവളമായി പ്രവർത്തനം ആരംഭിച്ചതോടെ ആദ്യ വർഷം തന്നെ ഇവിടെ നിന്നും അഞ്ച് ലക്ഷത്തോളം യാത്രക്കാർ യാത്ര ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതുവഴി രാജ്യത്തേക്കുള്ള ടൂറിസത്തിൽ വർദ്ധനവുണ്ടാകുമെന്നും ഏഷ്യൻ വിപണിയിലേക്കുള്ള കയറ്റുമതി കാര്യക്ഷമമാക്കൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു .