സെൻട്രൽ വെസ്റ്റ് ന്യൂ സൗത്ത് വെയിൽസിലെ ഫോബ്സ് പട്ടണത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
പ്രദേശത്ത് ഏറ്റവും അപകട സാധ്യതയുള്ള മേഖലയിലുള്ളവരെ ഇന്ന് ഇരുട്ടുന്നതിന് മുൻപ് ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് NSW SES അധികൃതർ വ്യക്തമാക്കി.
ഈ പ്രദേശത്തുള്ളവർ സാധ്യമെങ്കിൽ സുഹൃത്തുക്കളുടെയോ മറ്റ് കുടുംബങ്ങളുടെയോ വീടുകളിലേക്ക് പോകുകയോ മറ്റ് താമസ സൗകര്യങ്ങൾ തേടണമെന്നും നിർദ്ദേശമുണ്ട്.
ഫോബ്‌സിലെ 11 ഹാരോൾഡ് സ്ട്രീറ്റിലെ സെന്റ് ആൻഡ്രൂസ് പ്രെസ്‌ബിറ്റീരിയൻ ചർച്ചിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ സുരക്ഷിത താവളം തേടുന്നവർക്ക് സൗകര്യം ഒരുക്കിയിട്ടുള്ളതായും അധികൃതർ പറഞ്ഞു.

Locals take a look at overflow water spills from Wyangala Dam near the NSW town of Cowra, Monday, November 15, 2021. Source: AAP Image/Lukas Coch
ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് ആറുമണിക്കുള്ളിൽ ഇത് പൂർത്തിയാക്കുകയാണ് SES ന്റെ ലക്ഷ്യം. മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ നിന്ന് രാത്രി ഒമ്പതരയോടെ എല്ലാവരെയും സുരക്ഷിതമായ താവളങ്ങളിൽ എത്തിക്കാനാണ് ശ്രമം.
ഇന്ന് അർദ്ധരാത്രിക്ക് ശേഷം ലക്ലാൻ നദി 10.55 മീറ്ററിലേക്ക് ഉയരുമെന്നും ബുധനാഴ്ച വീണ്ടും 10.65 മീറ്ററിലേക്ക് ഉയരുമെന്നുമാണ് SES ന്റെ മുന്നറിയിപ്പ്.
വെള്ളപ്പൊക്കം മൂലം പ്രദേശത്ത് വഴി തടസ്സപ്പെടുമെന്നും, ജലം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, ഫോൺ, ഇന്റർനെറ്റ് എന്നിവ തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
ഇത് സംഭവിച്ചാൽ പ്രദേശത്തുള്ളവരെ രക്ഷിക്കാൻ അപകടകരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്നും SES അധികൃതർ പറഞ്ഞു. ഇക്കാരണത്താൽ ഏറ്റവും അധികം അപകട സാധ്യതയ്ക്കു മുന്നറിയിപ്പ് ഉള്ള പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് NSW SES.
2016-ൽ ഈ പ്രദേശത്ത് കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് വൻ നാശനഷ്ടം സംഭവിച്ചിരുന്നു.