വടക്കൻ മെൽബണിലെ പുതിയ വൈറസ് ക്ലസ്റ്ററിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് വിക്ടോറിയയിൽ പുതിയ വൈറസ് ബാധയൊന്നും റെക്കോർഡ് ചെയ്യാത്ത ഒരു ദിവസം കടന്നുപോകുന്നത്.
ജൂൺ ഒമ്പതിനായിരുന്നു ഇതിന് മുമ്പ് അവസാനമായി സംസ്ഥാനത്ത് പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യാതിരുന്നത്.
ജൂൺ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായി തുടങ്ങി.
അതിനു ശേഷം ഒരു ഘട്ടത്തിൽ 725 വരെയായി ഉയർന്ന പ്രതിദിന രോഗബാധയാണ്, പുതിയ കേസുകളില്ലാത്ത ദിവസത്തിലേക്ക് എത്തിയിരിക്കുന്നത്.
പുതിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.
മെൽബണിലെ 14 ദിവസത്തെ പ്രതിദിന ശരാശരി 3.6 കേസുകളായും കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ 10നും 23നും ഇടയിൽ സ്രോതസ് അറിയാത്ത ഏഴു കേസുകൾ മാത്രമാണ് ഉള്ളത്.
ശരാശരി രോഗബാധ അഞ്ചിൽ താഴെയായി കുറയുമ്പോൾ കൊവിഡ് നിയന്ത്രണങ്ങളിൽ അടുത്ത ഘട്ടം ഇളവുകൾ നൽകും എന്നായിരുന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ വടക്കൻ മെൽബണിലെ പുതിയ ക്ലസ്റ്ററിൽ നാൽപതിനടുത്ത് കേസുകളായതോടെയാണ് ഇത് സർക്കാർ നീട്ടിവച്ചത്.
ആയിരത്തോളം പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും, അതു ലഭിച്ചുകഴിഞ്ഞു മാത്രമേ ഇളവുകൾ പ്രഖ്യാപിക്കൂ എന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് ഞായറാഴ്ച അറിയിച്ചു.
അതേസമയം, വടക്കൻ മെൽബൺ ക്ലസ്റ്ററിലെ ആദ്യ രോഗിയുടെ കുടുംബം സർക്കാർ നൽകിയ കൊവിഡ് സന്ദേശത്തിൽ അവ്യക്തതയുണ്ടായിരുന്നു എന്ന് ആരോപിച്ച് രംഗത്തെത്തി.
ഐസൊലേഷൻ നിർദ്ദേശിച്ചിരുന്ന ഒരു വിദ്യാർത്ഥി സ്കൂളിൽ പോയതാണ് രോഗബാധയ്ക്ക് കാരണം എന്നായിരുന്നു സർക്കാർ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഈ കുടുംബത്തിലെ അംഗങ്ങളോട് ഐസൊലേഷൻ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നുവെന്നും, രണ്ടു ദിവസത്തിനു ശേഷമാണ് ഈ വിദ്യാർത്ഥി സ്കൂളിൽ പോയതെന്നും ഒരു കുടുംബാംഗം ദ ഏജ് പത്രത്തോട്പറഞ്ഞു.
ഈ വിദ്യാർത്ഥി ഐസൊലേറ്റ് ചെയ്യണം എന്ന നിർദ്ദേശമൊന്നും നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.
News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.

