ഓവര്‍സീസ് എജ്യൂക്കേഷന്‍ പ്ലേസ്‌മെന്റ് സെന്റര്‍ (OBEA) എന്ന പേരില്‍ കൊച്ചിയില്‍ വിസ- റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിയിരുന്നവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശി അരുണ്‍ ദാസ് (28), പാലക്കാട് സ്വദേശി ചിത്ര സി നായര്‍ (26), കോയമ്പത്തൂര്‍ സ്വദേശി ശാസ്തകുമാര്‍ (46), കണ്ണൂര്‍ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ അരുണ്‍ദാസ്, വിഷ്ണു, ശാസ്തകുമാര്‍ എന്നിവര്‍ Source: Supplied
പാലക്കാട് സ്വദേശികളായ രണ്ടു പേര്‍ക്കായി കൂടി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
പള്ളുരുത്തി സ്വദേശി എബിന്‍ അബ്രഹാം, പട്ടിമറ്റം സ്വദേശി മിജിന്‍ ജോണ്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനു പുറമേ ആറു പേര്‍ കൂടി പരാതി നല്കിയിരുന്നു.
വിസ നല്‍കാമെന്ന് പറഞ്ഞ് 13 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.
വാഗ്ദാനം ചെയ്ത വിസ ലഭിക്കാത്തപ്പോള്‍ പരാതിക്കാര്‍ കലൂരിലുള്ള ഓഫീസിലെത്തി. പക്ഷേ ഓഫീസ് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. കോയമ്പത്തൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ മൂന്നു മാസത്തിനുള്ളില്‍ പണം തിരികെ നല്‍കും എന്ന വാഗ്ദാനമാണ് ലഭിച്ചത്.
ഇതേത്തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്.
കൊച്ചിക്ക് പുറമേ കോയമ്പത്തൂര്‍, ബംഗളുരു എന്നിവിടങ്ങളിലും ഈ പ്രതികള്‍ വിസ ഏജന്‍സി നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറോളം പേരില്‍ നിന്ന് പത്തു കോടി രൂപ ഇവര്‍ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു.
വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ പി്ന്തുടര്‍ന്ന സൈബര്‍ സെല്ലാണ് ഇയാളെ കണ്ടെത്തിയത്. മട്ടന്നൂര്‍ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
പിന്നീട് കോയമ്പത്തൂരിലെ ഒരു ഒളിത്താവളത്തില്‍ നിന്നാണ് മറ്റു പ്രതികളെ പിടിച്ചത്.
കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. പ്രതികള്‍ക്ക് മറ്റാരില്‍ നിന്നെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Share

