15 മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികകൾക്ക് നേരെയാണ് കഴിഞ്ഞ ഒരാഴ്ചയിൽ ആക്രമണവും തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും നടന്നത്.
സംഭവങ്ങളുമായി ബന്ധപെട്ടു മൂന്ന് പേരെ പോലീസ് തെരയുന്നു. ഇതിൽ ഒന്ന് ഇൻഡ്യാക്കാരനെന്ന് തോന്നുന്നയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഗ്ലെബിയിലെ വെൻറ് വർത്ത് പാർക്കിൽ വച്ച് അമ്മയുടെ സമീപത്തു നിന്ന അഞ്ചു വയസ്സുകാരിയോട് ഒരപരിചിതൻ അപമര്യാദയായി പെരുമാറിയിരുന്നു.
കൂടാതെ, ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ലെയ്ക്കാർട്ടിലെ പയനീർസ് മെമ്മോറിയൽ പാർക്കിൽ വച്ച് മൂന്ന് വയസ്സുകാരിയെ ഒരു അജഞാതൻ സമീപിക്കുകയും, കുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചു തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സമീപത്തു നിന്നിരുന്ന കുട്ടിയുടെ അമ്മ കൃത്യസമയത്ത് തന്നെ ഇടപെട്ടു കുട്ടിയുമായി ഓടി രക്ഷപെടുകയായിരുന്നുവെന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഈ രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 165-170cm ഉയരവും, മെലിഞ്ഞ ശരീരവും, കറുത്ത തലമുടിയും ഉള്ള ഇന്ത്യക്കാരാണെന്നു സംശയിക്കുന്ന ആളെ പോലീസ് തെരയുന്നതായി ലൈക്കാർട്ട് എൽ എ സി സൂപ്രണ്ട് പോൾ പിസനോസ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു.
ചുവന്ന ടി-ഷർട്ടും, കറുത്ത ട്രാക്‌സ്യൂട്ട് പാന്റ്സും, വെളുത്ത ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നതായി പറയപ്പെടുന്നത്.
സമ്മർ ഹില്ലിലാണ് മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. 11 വയസ്സുകാരിയെയാണ് ഇവിടെ നിന്നും വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കത്തി ചൂണ്ടി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു അജ്ഞാതൻ. 30 നും 40 നും വയസ്സിനിടയിലുള്ള ഏഷ്യൻ വംശജൻ എന്ന് തോന്നുന്നയാളെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്നത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞു രണ്ടരയോടെ ലിവർപൂളിലുള്ള മാക്വറി സ്ട്രീറ്റ് മാളിന്റെ പരിസരത്തുവച്ച് 15 മാസം പ്രായമായ ആൺകുഞ്ഞിനെ പ്രാമിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു. എന്നാൽ കുഞ്ഞിന്റെ അമ്മ അലറിവിളിച്ചു കൊണ്ട് ഓടിയെത്തിയതിനാൽ കുഞ്ഞിനെ ഇയാൾ തിരികെ ഏൽപ്പിച്ച് കടന്നു കളഞ്ഞു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയാണ്.
45 വയസ്സ് തോന്നിക്കുന്ന മെഡിറ്റർറീനിയൻ/മിഡിൽ ഈസ്റ്റ് വംശജനെന്ന് സംശയിക്കുന്ന ആളെയാണ് പോലീസ് തെരയുന്നത്.