മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ക്വീൻസ്ലാന്റിലെ ബൻഡാബെർഗ്, ടൂവുമ്പ, ഇപ്സ്വിച് എന്നിവിടങ്ങളിൽ വാക്‌സിൻ സ്വീകരിച്ച നാല് പേരിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. അലർജി മൂലമുള്ള പാർശ്വഫലങ്ങളാണിത്.
കഴിഞ്ഞ 48 മണിക്കൂറിൽ നാല് പേർക്ക് അലർജി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനെ വിവരമറിയിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ബൻഡാബെർഗ്, ടൂവുമ്പ എന്നിവിടങ്ങളിൽ ഓരോരുത്തരിലും ഇപ്സ്വിച്ചിൽ രണ്ട് പേരിലുമാണ് ഇത് കണ്ടെത്തിയത്. ഇതോടെ അനഫിലാക്‌സിസ് ഉണ്ടായിട്ടുള്ളവർ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിക്കുന്നത് ഒഴിവാക്കണെമെന്ന് ക്വീൻസ്ലാൻറ് സർക്കാർ അറിയിച്ചു.
വാക്‌സിൻ സ്വീകരിക്കുമ്പോൾ അലർജി പ്രശ്നങ്ങൾ വിരളമാണെങ്കിലും ഇത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് ക്വീൻസ്ലാൻറ് ഹെൽത്ത് ഡയറക്ടർ ജെനറൽ ജോൺ വെയ്ക്ഫീൽഡ് പറഞ്ഞു.
എന്നാൽ 48 മണിക്കൂറിൽ നാല് പേർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടായി എന്നതാണ് കൂടുതൽ പ്രശ്നമെന്നും ഇതേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം പേരിലും ഫൈസർ വാക്‌സിനും ആസ്ട്രസെനക്ക വാക്‌സിനും സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രി യുവെറ്റ് ഡാത്ത് അറിയിച്ചു. എന്നാൽ വാക്‌സിൻ ഡോസുകളിലെ ചേരുവകളോട് അലർജി ഉള്ളവർക്ക് നേരത്തെ തന്നെ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല ഗർഭിണികളും മുലയൂട്ടുന്നവരും വാക്‌സിനേഷൻ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഫൈസർ വാക്‌സിൻ സ്വീകരിച്ച ഒരു നഴ്‌സിന് നേരത്തെ അലർജി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ശരീരത്തിലെ രക്തം കട്ടപിടിക്കാനിടയാക്കുമെന്ന ആശങ്കകളെ തുടർന്ന് ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ,പോർച്ചുഗൽ എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച മുതൽ ആസ്ട്രസെനക്ക വാക്സിൻ വിതരണം നിർത്തി വച്ചിരിക്കുകയാണ്. കൂടാതെ ഡെന്മാർക്ക്, ഐസ്ലാൻഡ്, നോർവേ,അയർലണ്ട് എന്നീ രാജ്യങ്ങളും വിതരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
അതേസമയം ആസ്ട്രസെനക്ക വാക്സിൻ വിതരണം തുടരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് ക്വീൻസ്ലാന്റിൽ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ച നാല് പേർക്ക് അലർജി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആദ്യഘട്ട വാക്‌സിനേഷൻ പദ്ധതിയുടെ (1b) വിഭാഗത്തിലുള്ളവർക്കുള്ള അടുത്തയാഴ്ച വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഓസ്ട്രലിയക്കാർക്കും, 55 വയസ്സിന് മുകളിൽ പ്രായമുള്ള ആദിമവർഗ സമൂഹത്തിലും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗത്തിലും ഉൾപ്പെട്ടവർക്കുമാണ് 1b ഘട്ടത്തിൽ വാക്‌സിനേഷൻ ലഭിക്കുന്നത്.
കൂടാതെ, ആരോഗ്യ പ്രശ്നങ്ങളുള്ള യുവാക്കൾ, രോഗം പിടിപെടാൻ സാധ്യതയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയും.