പെർത്ത് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന 38കാരിയെയാണ് കോടതി ജയിൽശിക്ഷയ്ക്ക് വിധിച്ചത്.
ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സും, വിദേശകാര്യവകുപ്പും, ഫെഡറൽ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലായിരുന്നു ചൈനീസ് വംശജയായ ഇവരെ പിടികൂടിയത്.
മൈഗ്രേഷൻ ഏജന്റ് എന്ന വ്യാജേന ഏറെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഇവർ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കുറഞ്ഞ അപേക്ഷകരെയാണ് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്.
വിസ ഫീസിനത്തിൽ ഇവർ അപേക്ഷകരിൽ നിന്ന് പണം വാങ്ങിയെങ്കിലും, അപേക്ഷകളൊന്നും ലോഡ്ജ് ചെയ്തിരുന്നില്ല.
ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തതും, ഓസ്ട്രേലിയൻ കുടിയേറ്റ നിയമം വ്യക്തമായി അറിയാത്തതും കാരണം പല അപേക്ഷർക്കും അത് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിന്റെ പേരിൽ വ്യാജരേഖകളുണ്ടാക്കി, വിസ അനുവദിച്ചതായി അപേക്ഷകർക്ക് ഇവർ മറുപടി അയയ്ക്കുമായിരുന്നു.
ഇതേത്തുടർന്ന് നിരവധി പേർ ഓസ്ട്രേലിയയിൽ നിയമവിരുദ്ധമായി ജീവിതം തുടർന്നിരുന്നു.
2013ൽ വിദേശത്തു നിന്ന് പോസ്റ്റലായി 30 പാസ്പോർട്ടുകൾ വന്നപ്പോഴാണ് അധികൃതർ ആദ്യമായി ഇവരെ ശ്രദ്ധിച്ചത്.
നാല് പാഴ്സലുകളിലായിട്ടാണ് 30 വിദേശ പാസ്പോർട്ടുകൾ വന്നത്. മറ്റൊരാളുടെ വിദേശപാസ്പോർട്ട് കൈവശം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഓസ്ട്രേലിയയിൽ ക്രിമിനൽ കുറ്റമാണ്.

The fake migration agent Source: Australian Border Force
ഇതേത്തുടർന് 2014ൽ ബോർഡർ ഫോഴ്സും, വിദേശകാര്യ വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങി.
ഇത്തരത്തിൽ തട്ടിപ്പിനിരയായ എട്ടു പേരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇവരുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത് നിരവധി രേഖകളും പണമായി 30,000 ഡോളറും പിടിച്ചെടുത്തു.
പെർത്ത് ജില്ലാ കോടതിയിൽ അഞ്ചാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവിലാണ് ഇവരെ ആറര വർഷത്തേക്ക് ശിക്ഷിച്ചത്.
പരാതിക്കാർക്ക് 1.88 ലക്ഷം ഡോളർ നഷ്ടപരിഹാരം ഇവരിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഓസ്ട്രേലിയൻ കുടിയേറ്റത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് മൾട്ടികൾച്ചറൽ വകുപ്പ് അസിസ്റ്റന്റ് മന്ത്രി ജേസൻ വുഡ് പറഞ്ഞു.
MARA രജിസ്ട്രേഷൻ ഇല്ലാതെ കുടിയേറ്റ അപേക്ഷകളിൽ മറ്റൊരാളെ സഹായിക്കുകയും, അതിന് പണം വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.