ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയും, ക്വീൻസ്ലാന്റ് സർവകലാശാലയും വികസിപ്പിക്കുന്ന വാക്സിനുകൾക്കായാണ് ഫെഡറൽ സർക്കാർ കരാർ ഒപ്പുവച്ചത്.
ഇതിൽ ഏതെങ്കിലും ഒരു പരീക്ഷണം വിജയിച്ചാൽ 2021ൽ ഓസ്ട്രേലിയയിൽ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ഓക്സ്ഫോർഡ് പരീക്ഷണം വിജയിക്കുകയാണെങ്കിൽ അടുത്ത വർഷം ആദ്യം തന്നെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാകും എന്നാണ് പ്രതീക്ഷ. ക്വീൻസ്ലാന്റ് വാക്സിൻ പരീക്ഷണമാണ് വിജയിക്കുന്നതെങ്കിൽ, 2021 പകുതിയോടെയാകും വാക്സിൻ ലഭ്യമാകുക.
ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള താൽപര്യപത്രം സർക്കാർ നേരത്തേ തന്നെ ഒപ്പുവച്ചിരുന്നു. അതിൽ നിന്ന് വ്യക്തമായ ഒരു കരാറിലേക്ക് എത്തുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ഓക്സ്ഫോർഡ് സർവകലാശാല, മരുന്നു നിർമ്മാതാക്കളായ ആസ്ട്ര സെനെക്ക എന്നിവരുമായി ഒരു കരാറും, ക്വീൻസ്ലാന്റ് സർവകലാശാല, മരുന്നു നിർമ്മാതാക്കളായ CSL എന്നിവരുമായി മറ്റൊരു കരാറുമാണ് ഉള്ളത്.
ഓസ്ട്രേലിയക്കാർക്ക് സൗജന്യമായി വാക്സിൻ നൽകുന്നത് ലക്ഷ്യമിട്ട് 1.7 ബില്യൺ (170കോടി) ഡോളറിന്റെ കരാറാണ് ഒപ്പുവച്ചത്.
പരീക്ഷണം വിജയിച്ചാൽ എട്ടര കോടിയോളം ഡോസ് വാക്സിനാകും ലഭ്യമാക്കുന്നത്. ഏകദേശം പൂർണമായും ഇത് മെൽബണിലായിരിക്കും ഉത്പാദിപ്പിക്കുന്നത്.
എന്നാൽ പൂർണമായും ഫലപ്രദമാണെന്നും, സുരക്ഷിതമാണെന്നും വ്യക്തമായ ശേഷം മാത്രമേ ഇത് ജനങ്ങൾക്ക് ലഭ്യമാക്കൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വാക്സിൻ നിർമ്മാണത്തിനായി കരാർ ഒപ്പുവയ്ക്കുന്നതിന് മുമ്പു തന്നെ ഇതേക്കുറിച്ച് ജനങ്ങൾക്ക് വാഗ്ദാനം നൽകിയ സർക്കാർ നടപടിയെ നേരത്തേ ലേബർ പാർട്ടി വിമർശിച്ചിരുന്നു.

Prime Minister Scott Morrison during a visit to AstraZeneca in Sydney, Wednesday, 19 August, 2020. Source: AAP
ഇതിനു പിന്നാലെയാണ് സർക്കാർ കരാറിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.
അതേസമയം, ഈ പരീക്ഷണങ്ങൾ വിജയിക്കും എന്ന് ഇപ്പോഴും ഉറപ്പില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“എന്നാൽ വാക്സിൻ ലഭിക്കുന്നതിനുള്ള പട്ടികയുടെ ഏറ്റവും മുൻനിരയിലേക്ക് ഓസ്ട്രേലിയയെ എത്തിക്കുകയാണ് ഈ കരാർ,” പ്രധാനമന്ത്രി പറഞ്ഞു.
ഒരു വ്യക്തിക്ക് രണ്ട് ഡോസ് എന്ന നിലയിലാണ് ഇപ്പോൾ വാക്സിൻ കരാർ ഒപ്പുവച്ചിട്ടുള്ളത്.
ഓസ്ട്രേലിയയ്ക്ക് പുറമേ പസഫിക്-ദക്ഷിണേഷ്യൻ മേഖലകളിലെ ചില രാജ്യങ്ങൾക്ക് കൂടി മെൽബണിൽ നിർമ്മിക്കുന്ന വാക്സിൻ ലഭ്യമാക്കുകയും ചെയ്യും.
ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. ലോകത്തിൽ ഏറ്റവുമധികം മുന്നേറിക്കഴിഞ്ഞിരിക്കുന്ന വാക്സിൻ പരീക്ഷണങ്ങളിലൊന്നാണ് ഇത്.
ക്വീൻസ്ലാന്റ് സർവകലാശാലയുടെ വാക്സിൻ മൃഗങ്ങളിൽ ഫലപ്രദമാകുന്നു എന്ന വിവരം അടുത്ത കാലത്ത് ഗവേഷകർ പുറത്തുവിട്ടിരുന്നു.
ജനസംഖ്യയുടെ മൂന്നില് രണ്ടു ഭാഗവും വാക്സിനേഷന് വിധേയമായാൽ മാത്രമേ കൊവിഡ് വ്യാപനം തടയാൻ കഴിയൂ എന്നാണ് അധികൃതർ കരുതുന്നത്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus