മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്‌ട്രേലിയൻ കാർഷിക രംഗത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഫെഡറൽ സർക്കാർ വിഭാഗമാണ് (ABARES) ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വില ഏഴ് മുതൽ 29 ശതമാനം വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് ABARES പ്രവചിചിക്കുന്നത്.
ഈ വർഷം കർഷകരുടെ ഉത്പാദനശേഷിയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഴ വർഗങ്ങളുടെ ഉത്പാദനത്തിൽ 17 ശതമാനം ഇടിവാണ് ABARES പ്രതീക്ഷിക്കുന്നത്. പച്ചക്കറികളുടെ ഉത്പാദനം രണ്ട് ശതമാനം കുറയുമെന്നാണ് കണക്കുകൾ.
മഹാമാരിയുടെ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ അതിർത്തികൾ കൂടുതൽ കാലം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത് വിലക്കയറ്റത്തിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൃഷിയിടങ്ങളിൽ ബാക്ക്പാകേർസ് ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ തിരിച്ചെത്തുന്നത് വരെ വില ഉയർന്ന് നിൽക്കുമെന്നാണ് റിപ്പോർട്ട്.
ഇക്കാരണത്താൽ പച്ചക്കറികളുടെയും പഴ വർഗങ്ങളുടേയും വില 2022 വരെ ഉയർന്ന നിലയിൽ നിൽക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം വിലക്കയറ്റം കാരണം ഉപഭോക്താക്കൾ ഉത്പന്നങ്ങൾ വാങ്ങുന്നത് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മുൻപ് പഴങ്ങളുടെയും പച്ചക്കറികളുടെയും വില കൂടിയ സാഹചര്യങ്ങളിൽ ഓസ്‌ടേലിയൻ ഉപഭോക്താക്കൾ ഈ ഉത്പന്നങ്ങൾ ഒഴിവാക്കിയിരുന്നില്ല എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
സർക്കാർ സഹായം
വിദേശ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ഓസ്‌ട്രേലിയൻ അധികൃതർ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
ഉൾനാടൻ മേഖലയിലേക്ക് ജോലിക്കായി പോകുന്നവർക്ക് ഫെഡറൽ സർക്കാരിന്റെ റീലൊക്കേഷൻ പാക്കേജ് ലഭ്യമാണ്. 6000 ഡോളർ സഹായം ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കും.
സമാനമായുള്ള പദ്ധതിയുടെ ഭാഗമായി വിക്ടോറിയൻ സർക്കാർ 2500 ഡോളർ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.