കൂടുതൽ ആദായനികുതി ഇളവ്; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ പകുതിയാക്കി കുറച്ചു

രൂക്ഷമായ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരും എന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ സർക്കാർ ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ആറു മാസത്തേക്ക് വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

PM Scott Morrison and Federal Treasurer Josh Frydenberg for Budget 2022

Source: AAP

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 48 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്ന ആമുഖത്തോടെയാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് 2022-23ലെ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചത്.

പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബജറ്റവതരണത്തിൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനുമുള്ള പ്രഖ്യാപനമുണ്ട്.

വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയുണ്ടാകുമെന്ന് ട്രഷറർ നേരത്തേ വ്യക്തമാക്കിയിരുന്നു.

അത് ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപിച്ചു.

പെട്രോൾ-ഡീസൽ നികുതി കുറച്ചു

സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുന്ന പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്തുന്നതിനായി, എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

നിലവിലുള്ളതിന്റെ പകുതിയായാണ് തീരുവ കുറച്ചത്.

നിലവിൽ 44.2 സെന്റായിരുന്നു ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ.
ഇത് 22.1 സെന്റായി കുറച്ചു. അടുത്ത ആറു മാസത്തേക്കാണ് ഈ കുറവ് പ്രാബല്യത്തിലുണ്ടാകുക.
രണ്ടു കാറുകളുള്ള ഒരു കുടുംബത്തിന് ശരാശരി മാസം 30 ഡോളർ ഇതിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ട്രഷറർ പറഞ്ഞു.

ആറു മാസം കൊണ്ട് 700 ഡോളറിന്റെ ലാഭമുണ്ടാകുമെന്നും ട്രഷറർ ചൂണ്ടിക്കാട്ടി.

ആദായനികുതി ഇളവ്

കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കുമായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ആദായനികുതി ഇളവ്  (Lower and Middle Income Tax Offset) ഒരു വർഷം കൂടി നീട്ടാനാണ് തീരുമാനം.

മാത്രമല്ല, ഈ ഇളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

രണ്ടു പേരും ജോലി ചെയ്യുന്ന ദമ്പതികൾക്ക് 2,160 ഡോളർ വരെയും, ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിലെ  വ്യക്തികൾക്ക് 1,080 ഡോളർ വരെയുമായിരുന്നു നേരത്തേ ഇളവ് നൽകിയിരുന്നത്.
ഇത് വ്യക്തികൾക്ക് 1,500 ഡോളറായും, ദമ്പതികൾക്ക് 3,000 ഡോളറായും വർദ്ധിപ്പിക്കും.
ഓരോ വരുമാനവിഭാഗത്തിലുമുള്ള വ്യക്തികൾക്ക്  ലഭിക്കുന്ന ആദായനികുതി ഇളവ് ഇങ്ങനെയാണ്

വരുമാനംഇളവ്
37,000 ഡോളർ വരെ$675 വരെ
37,001 മുതൽ 48,000 ഡോളർ വരെ$675 - 1,500 ഡോളർ വരെ 
48,000 മുതൽ 90,000 ഡോളർ വരെ$1,500
90,001 മുതൽ 1,25,999 വരെ$420 - $1,500 വരെ

ഈ വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പുതിയ ഇളവ് ലഭിക്കും.

ഒറ്റത്തവണ സഹായം

ജീവിതച്ചെലവ് നേരിടാനായി 250 ഡോളറിന്റെ ഒറ്റത്തവണ സഹായവും സർക്കാർ പ്രഖ്യാപിച്ചു.

വിവിധ സാമൂഹിക സുരക്ഷാ ഫണ്ടിംഗ് സഹായം ലഭിക്കുന്നവർക്കാണ് ഈ ഒറ്റത്തവണ ആനുകൂല്യം ലഭിക്കുക.

പെൻഷൻകാർ, മറ്റ് വെൽഫെയർ ആനുകൂല്യങ്ങൾലഭിക്കുന്നവർ, കൺസഷൻ കാർഡുടമകൾ തുടങ്ങി 60 ലക്ഷത്തോളം പേർക്ക് ഇത് ലഭിക്കും.


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service